കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചു; മൃതദേഹങ്ങള്‍ അനാഥമായി കിടന്നത് 20 മണിക്കൂര്‍

single-img
4 December 2016

aralam-farmകണ്ണൂര്‍: ഇരിട്ടിയില്‍ കാട്ടിനുള്ളില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഇരുപത് മണിക്കൂറോളം കാട്ടിനുള്ളില്‍ അനാഥമായി കിടന്നു.

കണ്ണൂര്‍ ഇരിട്ടിയിലെ മാക്കൂട്ടം കോളനിയിലാണ് സംഭവം. മാക്കൂട്ടം കോളനിയിലെ രാജേഷിന്റെ ഭാര്യ മോഹിനി(20)യാണ് വനത്തിനുള്ളിലെ കുടിലില്‍ പ്രസവിച്ചതും ഉടനെ മരണമടഞ്ഞതും. കര്‍ണാടക വനത്തിന്റെ ഭാഗമായ മാക്കൂട്ടം വനത്തിനുള്ളിലെ കുടിലിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ മോഹിനി ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നത്. മോഹിനിയുടെ അമ്മൂമ്മയും രാജേഷും ഈ സമയത്ത് കുടിലില്‍ ഉണ്ടായിരുന്നു. അമ്മൂമ്മയാണ് കുട്ടിയെ എടുത്തതെന്നും പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. പ്രസവത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവതി അല്‍പം കഞ്ഞികുടിക്കുകയും രണ്ടരയോടെ മരിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് രാജേഷ് പറഞ്ഞു.

കര്‍ണാടക ഫോറസ്റ്റ് അധികൃതരോ പൊലീസോ സ്ഥലത്ത് എത്താഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പത്തോടെ സംഭവ സ്ഥലത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. ഇരിട്ടിയില്‍നിന്ന് ആംബുലന്‍സ് എത്തിച്ച് ജഡങ്ങള്‍ ശനിയാഴ്ച വൈകിട്ടോടെ ആറളം ഫാം പുനരധിവാസ മേഖലയില്‍ മോഹിനിയുടെ അമ്മയ്ക്ക് പതിച്ചു കിട്ടിയ സ്ഥലത്ത് സംസ്‌കരിച്ചു. സംസ്‌കരിക്കാന്‍ നേരം ജഡം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു.

ആറളം ഫാം പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 13ല്‍ മോഹിനിയുടെ അമ്മക്ക് ഒരേക്കര്‍ സ്ഥലം ലഭിച്ചിരുന്നു. ഒരുമാസം മുന്‍പ് വരെ ഇവിടെ കഴിഞ്ഞിരുന്ന മോഹിനിയും രാജേഷും ഒരു മാസമായി കാട്ടിനുള്ളില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. കാട്ടിനുള്ളില്‍നിന്നു വന വിഭവങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ജീവിതം കഴിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് മോഹിനിഭര്‍ത്താവിന്റെ ഒപ്പം താമസിക്കുന്നതിനായി ഫാമില്‍ നിന്നും പോയതെന്ന് സ്ഥലത്തെത്തിയ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റും ആറളം ഫാം പുനരധിവാസ മേഖലയില്‍ നിന്നുളള പഞ്ചായത്ത് അംഗവുമായ കെ.വേലായുധന്‍ പറഞ്ഞു