കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പണം വെളുപ്പിക്കല്‍ സംഘങ്ങള്‍;30 ശതമാനത്തിന് മുകളില്‍ കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ മാറിനല്‍കുന്നു

single-img
3 December 2016

features-of-rs-2000-notes

കേരള, തമിഴ്നാട് അതിര്‍ത്തിയില്‍ പണം വെളുപ്പിക്കല്‍ സംഘങ്ങള്‍ മുപ്പത് ശതമാനമോ അതിന് മുകളിലോ കമ്മീഷന്‍ വാങ്ങിയാണ് പഴയ നോട്ടുകള്‍ മാറിനല്‍കുന്നത്. മലഞ്ചരക്കുവ്യാപാരികള്‍, എസ്റ്റേറ്റ് ഉടമകള്‍, വന്‍കിട കര്‍ഷകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയ രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകളും സ്വര്‍ണവുമാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ഹൈറേഞ്ച് മേഖലയിലുള്ള സ്വര്‍ണവ്യാപാരികളില്‍ ചിലരും നോട്ടുവെളുപ്പിക്കലില്‍ കണ്ണികളാണ്. ഇടപാടുകാര്‍ക്ക് പണത്തിന് പകരം സ്വര്‍ണം കൈമാറാന്‍ മാഫിയസംഘങ്ങള്‍ക്ക് ഇവര്‍ സഹായം നല്‍കുന്നു.

തമിഴ്നാട്ടില്‍ നിന്ന് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകള്‍വഴി എത്തുന്ന രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകളാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിലെ വട്ടിപ്പലിശ സംഘങ്ങള്‍ തങ്ങളുടെ കൈയിലുള്ള നൂറിന്റെ നോട്ടുകള്‍ കേരളത്തില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ പലപ്പോഴും പിടിയിലാവുന്നത് ഇവരുടെ ഏജന്റുമാര്‍ മാത്രമാണ്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ ഏലച്ചാക്കിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 28 ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. കുമളിയിലുള്ള പ്രമുഖ സ്വകാര്യ പണമിടപാടുസ്ഥാപനം വ്യാപകമായി പണം വെളുപ്പിച്ചുനല്‍കുന്നതായും ആരോപണമുണ്ട്.