ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനിലും നോട്ട് വിവാദം; അഞ്ച് പൗണ്ട് നോട്ടില്‍ ചുളിവു വീഴാതിരിക്കാന്‍ ഉപയോഗിച്ചത് മൃഗക്കൊഴുപ്പാണെന്നാണ് വിവാദം

single-img
1 December 2016

pound

ലണ്ടന്‍: നോട്ടു പിന്‍വലിക്കല്‍ കൊണ്ട് ഇന്ത്യയില്‍ വിവാദങ്ങള്‍ ചൂടു പിടച്ചിരിക്കെ ബ്രിട്ടണിലും പുതിയ നോട്ടു വിവാദം ഉണ്ടായിരിക്കുകയാണ്. നോട്ടു പിന്‍വലിച്ചതിനെതിരെയാണ് ഇന്ത്യയില്‍ പരാതിയുയര്‍ന്നത്. എന്നാല്‍, ഇംഗ്ലണ്ടില്‍ നോട്ട് പിന്‍വലിപ്പിക്കാനാണ് പരാതി.

ഒരു മാസം മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പുതിയ പോളിമെര്‍ അഞ്ചുപൗണ്ട് നോട്ടാണ് പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ചുളുക്കുവീഴാത്തതും നനവ് പറ്റാത്തതും എളുപ്പത്തില്‍ കീറാന്‍ പറ്റാത്തതുമായ പുതിയ നോട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്.

ഏവരും ഇരുകൈനീട്ടി സ്വീകരിച്ച ഈ നോട്ട് പരിഷ്‌കാരം, പക്ഷേ ഇപ്പോള്‍ വലിയൊരു വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നോട്ടിന് മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേര്‍ത്ത ആവരണം മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം.

ഇതോടെ നോട്ടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുകയാണ്. ബ്രിട്ടണിലെ സസ്യഭുക്കുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിര്‍ത്തലാക്കണമെന്നാവാശ്യപ്പെട്ട് ഒരുലക്ഷത്തിലധികം ആളുകളാണ് നിവേദനത്തില്‍ ഇതിനകം ഒപ്പിട്ടത്. നിത്യവും ക്രയവിക്രിയങ്ങള്‍ക്ക് ഉപയോഗിക്കുന്ന നോട്ടുകളില്‍ മൃഗക്കൊഴുപ്പടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലാന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

എന്നാല്‍ സസ്യാഹാര പ്രിയരുടെ പ്രതിഷേധത്തിനോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഇതിനെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്നത്തിന് ഉടനടി പരിഹാരം കാണുമെന്നും ബാങ്ക് അധികൃതര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

നോട്ടില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ ആവരണം ഉണ്ടെങ്കിലും അത് വളരെ നേരിയ തോതില്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളു എന്നാണ് ബാങ്ക് അധികൃതരുടെ വാദം. വിവിധ മതവിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ബ്രിട്ടനില്‍ പ്രതിഷേധക്കാരുടെ പരാതിക്ക് പിന്തുണയുമായി വിവിധ മതവിഭാഗങ്ങളും രംഗത്തെത്തി. ഹിന്ദു, മുസ്ലീം, സിഖ് എന്നി മതവിശ്വാസികളുടെ പിന്തുണ കിട്ടിയതോടെ ബാങ്കിന്റെ നടപടികളില്‍ പ്രതികരണം പെട്ടെന്നായി.

സെപ്തംബറിലായിരുന്നു പ്ലാസ്റ്റീക് നോട്ടുകളെന്നു തോന്നിക്കുന്ന പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ ബ്രിട്ടന്‍ പുറത്തിറക്കിയത്. ഒരു വശത്ത് രാജ്ഞിയുടെയും മറുവശത്ത് ചര്‍ച്ചിലിന്റെയും ചിത്രവുമായി പുറത്തിറങ്ങിയ ചുളിവ് വീഴാത്ത പുത്തന്‍ നോട്ടിന് മികച്ച പ്രചാരമാണ് ലഭിച്ചത്. രണ്ടുമാസം കൊണ്ട് പഴയ നോട്ടുകള്‍ വിപണിയില്‍ നിന്നും മാഞ്ഞുപോയി പുതിയ നേട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതിന് തൊട്ടുപിന്നാലെ വിവാദങ്ങളും തലയുയര്‍ത്തി.