ആ നഗരത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല; ഇന്ത്യയുടെ ഇടനെഞ്ചില്‍ തറച്ച വെടിയുണ്ടയാണ് ഇന്നും മുംബൈ

single-img
26 November 2016

mumbai-attacks
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനില്‍ തുടങ്ങാം. ചോരക്കറ പുരണ്ട ഈ ഓര്‍മത്താളുകളില്‍, ഭാരതത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനി. മറക്കുകില്ല ഭാരതമൊരിക്കവും മകനേ നിന്റെ പേര്. മലയാളത്തിനാവില്ല നിന്നെ ഓര്‍ക്കാതിരിക്കാന്‍. രാജ്യത്തെ നടുത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് എട്ട് വര്‍ഷം തികയുന്നു. ഇല്ല, ആ മഹാനഗരത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല..

2008 നവംബര്‍ 26നുണ്ടായ പലമുറിവുകളും ഇന്നും ഉണങ്ങാതെ കിടക്കുകയാണ്. ഒരു നഗരത്തെയോര്‍ത്ത് രാജ്യത്തുതിര്‍ന്ന തേങ്ങലുകള്‍, നിസ്സഹായരായ മനുഷ്യര്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും മായ്ക്കാന്‍ കഴിയാത്ത എന്നും ചോരകിനിയുന്നൊരോര്‍മ്മയാണ് മുംബൈയ്ക്ക് ഇതെല്ലാമെങ്കിലും മുംബൈക്കാര്‍ തളര്‍ന്നില്ല. ആരെയും അമ്പരപ്പിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അവിടെ നടന്നത്. ആ ഉള്‍ക്കരുത്താണ് ഈ മഹാനഗരത്തിന്റെ ഇന്നത്തെ താളം. 150 പേരുടെ ജീവനെടുത്ത ആ ആക്രമണത്തില്‍ വല്ലാതെ ഉലഞ്ഞുപോയത് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് മഹല്‍ പാലസ് ഹോട്ടലായിരുന്നു.
ഇവിടം അക്രമികളുടെ പോര്‍ക്കളമായിമാറി. തീയും പുകയും പരക്കുന്ന താജിന്റെ ചിത്രങ്ങള്‍ ഓര്‍മ്മകളെപ്പോലും വിറങ്ങലിപ്പിക്കും.

mumbai-terror

ലഷ്‌കര്‍ ഇ തൊയിബ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുംബൈ ആക്രമണത്തിന് പിന്നാലെ ലോകത്ത് പല ഭാഗങ്ങളിലും ഭീകരാക്രമണം നടന്നു. പാകിസ്ഥാനില്‍ നിന്നും പത്ത് തീവ്രവാദികളാണ് ആക്രമണത്തിന് ഉണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗമാണ് അവര്‍ ഇന്ത്യയില്‍ എത്തിയത്. നവംബര്‍ 29 വരെ ഈ ആക്രമണം നീണ്ടുനിന്നു. 60 മണിക്കൂറിലേറെ നീണ്ടുനിന്ന ആക്രമണ, പ്രത്യാക്രമണങ്ങള്‍. ഛത്രപതി ശിവജി ടെര്‍മിനല്‍, താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ ഹോട്ടല്‍, ഒബ്റോയ് ട്രെഡന്റ് ഹോട്ടല്‍, മെട്രോ സിനിമ, നരിമാന്‍ ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം നടന്നത്. മെഷീന്‍ ഗണ്ണുകളും ഗ്രനേഡുകളുമാണ് ആക്രമണത്തിന് ഉപയോഗിക്കപ്പെട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന കൂട്ടക്കുരുതിയില്‍ വിദേശികളടക്കം 106 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 308 പേര്‍ക്ക് സാരമായി പരിക്കേറ്റു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് ടാക്സികളിലും സ്ഫോടനം നടന്നു. അക്രമികളില്‍ ജീവനോടെ പിടിച്ചത് അജ്മല്‍ കസബിനെ മാത്രം. പത്തില്‍ ഒമ്പത് ഭീകരവാദികളും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. 2012 നവംബറില്‍ പുനെയിലെ യേര്‍വാഡ ജയിലില്‍ കസബിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. ജമാ അത്ത് ഉദ്ദവയുടെ തലവനായ ഹാഫീസ് സയ്യീദാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ എന്നാണ് കരുതപ്പെടുന്നത്. പാകിസ്താനില്‍ വെച്ചാണ് സയ്യീദ് മുംബൈ ആക്രമണം പദ്ധതിയിട്ടതത്രെ.

അജ്മല്‍ കസബ് നിറതോക്കുമായി പാഞ്ഞുകയറിയത് നിരപരാധികളായ ഇന്ത്യക്കാരുടെ നെഞ്ചിലേക്കായിരുന്നു. മുംബൈ നഗരത്തിലെ തിരക്കേറിയ ഛത്രപതി ശിവാജി ടെര്‍മിനസിലും കാമ ആശുപത്രിയുടെ മുമ്പിലും നിരവധിയാളുകളെ കസബ് കൊന്നുവീഴ്ത്തി. ജനങ്ങള്‍ പിടഞ്ഞുവീണ് മരിക്കുന്ന ദയനീയമായ കാഴ്ചകണ്ട് ആനന്ദിക്കാനുള്ള ക്രൂരതയും കസബ് കാട്ടി. അജ്മല്‍ കസബുള്‍പ്പെടെ പത്ത് ഭീകരര്‍ തകര്‍ത്താടിയ ഭീകരാക്രമണത്തില്‍ നിരവധി മനുഷ്യജീവനാണ് പൊലിഞ്ഞത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കാര്‍ക്കറേ, ഏറ്റുമുട്ടല്‍ വിദഗ്ദ്ധനായ വിജയ് സലാസ്‌ക്കര്‍, പോലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബാളെ എന്നിവരടക്കം 59 പേരെയെങ്കിലും വധിച്ചത് കസബാണെന്ന വാദം കോടതി ശരിവെച്ചു. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അശോക് കാംതെ, എന്‍എസ്ജി തുടങ്ങിയവര്‍ക്കും ഭീകരവിരുദ്ധപോരാട്ടത്തില്‍ ബലിദാനികളാകേണ്ടിവന്നു.

mumbai_attacks_soldiers

കസബ് ഒരു പാകിസ്താന്‍ പൗരനാണെന്ന കാര്യം പാകിസ്താന്‍ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയില്‍ അക്കാര്യം അവര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2010 മേയ് 3ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങള്‍ സൂക്ഷിക്കല്‍, തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2010 മേയ് 6ന് ഇതേ കോടതി നാല് കുറ്റങ്ങള്‍ക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 21ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബര്‍ 21ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികള്‍ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29ന് സമര്‍പ്പിച്ച പുന:പ്പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍പാകെ കസബ് ദയാഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും നവംബര്‍ 5ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെ തുടര്‍ന്ന് അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പുനെയിലെ യേര്‍വാദ ജയിലില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.

kasab-mumbai-terror-attack

മുംബൈ ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ അപ്പോഴും ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തില്‍ മാന്യന്മാരായി വിലസുകയാണ്. ശിക്ഷ വിധിച്ചുകൊണ്ടുള്ള ജസ്റ്റിസ് തഹ്ലിയാനിയുടെ വിധിന്യായത്തില്‍ അടിവരയിട്ടു പറയുന്ന ഒരു ഭാഗം ഇതാണ്, ‘പിടികിട്ടാനുള്ള പ്രതികളില്‍ ലഷ്‌കറെ തോയിബ സ്ഥാപകന്‍ ഹഫീസ് സയീദ്, സാക്കിയുര്‍ റഹ്മാന്‍ ലഖ്വി, അബുഹംസ തുടങ്ങിയവരടക്കം ഇരുപതോളം പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് സംശയത്തിന്റെ കണികപോലുമില്ലാതെ വ്യക്തമാണ്’. ഇവരെല്ലാം പാക്കിസ്ഥാന്റെ സംരക്ഷണത്തില്‍ പ്രത്യേക സുരക്ഷാ വലയത്തിനുള്ളില്‍ പൊതുമൈതാനങ്ങളില്‍ പ്രസംഗിച്ചും മതബോധനം നടത്തിയും കഴിയുന്നു എന്നത് ഇന്ത്യക്കെതിരായ വെല്ലുവിളിയാണ്. എന്നിട്ടും പാക് പ്രധാനമന്ത്രിയെക്കാണുമ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ കവാത്ത് മറക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതിന് യുപിഎ സര്‍ക്കാരിനെക്കാള്‍ ഒട്ടും മോശമല്ല ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരും.

മുംബൈയുടെ തേങ്ങലുകള്‍ ഇന്നും അലയൊലിയായി എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്. യുദ്ധത്തിന്റെ കൊടും ഭീകരതകള്‍ ലോകമെങ്ങും ഇന്നും നടക്കുന്നു. ഈ സാഹചര്യത്തില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെക്കൊണ്ട് ഈ ലോകം നിറയട്ടെ എന്ന് ആശിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ.