ഊഹാപോഹങ്ങള്‍ക്ക് അവസാനമായി; കേരളത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരായി
കൊച്ചി: മലയാള സിനിമാ ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് നടന് ദിലീപും കാവ്യാ മാധവനും വിവാഹതിരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് രാവിലെ 9.45 ഓടെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രാവിലെ 9.30ഓടെ ഇരുവരും ഹോട്ടലിലെത്തി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും മാധ്യമങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നു. മകള്‍ മീനാക്ഷിക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ദിലീപാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടു പിന്നാലെ മാതാപിതക്കള്‍ക്കൊപ്പം കാവ്യാ മാധാവനും കതിര് മണ്ഡപത്തിലെത്തി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
സിനിമാ ലേകത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വിവാഹം നടക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ വിവാഹം നടക്കുമെന്ന് രാവിലെ 8.30ഓടെയാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. രാവിലെ ദിലീപ് തന്നെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിവരം പുറത്തുവിട്ടത്. താനൊരു വിവാഹം കഴിക്കുകയാണെന്നും അത് ആരെ വേണെമെന്ന് മകളോടും തന്റെ അമ്മയോടും ആലോചിച്ചപ്പോള്‍ ഏറെ നാളായി തന്റെ പേരിനൊപ്പം ചേര്‍ത്ത് സംസാരിക്കുന്ന ആളെ തന്നെയാകാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് അറിയിച്ചു. താന്‍ മറ്റൊരു വിവാഹം കഴിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്നും ദിലീപ് അറിയിച്ചു. വിവാഹത്തിന് പ്രേക്ഷകരുടെ എല്ലാ പിന്തുണയും വേണമെന്നും മകള്‍ മീനാക്ഷിയുടെ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് പറഞ്ഞു. വിവാഹ വാര്‍ത്തയെ മറ്റൊരു വിധത്തിലും വളച്ചൊടിച്ച് പ്രശ്നങ്ങളാക്കാതെ തങ്ങളോട് സഹകരിക്കണമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. സിനിമാ രംഗത്തെ പലരെയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമൊക്കെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് പറഞ്ഞു. മാധ്യമങ്ങളെ അറിയിച്ച ശേഷമായിരിക്കും വിവാഹമെന്ന് ദിലീപ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇതിനകം പലതവണ വിവാഹം സംബന്ധിച്ച വാര്‍ത്തകളും ഗോസിപ്പുകളും പരന്നപ്പോഴും ഇരുവരും നിഷേധിക്കുകയായിരുന്നു. 1998 ഓക്ടോബര്‍ 20ന് മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപ് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. 2009ല്‍ കാവ്യയും പ്രവാസി മലയാളി നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹവും നടന്നു. എന്നാല്‍ 2011ല്‍ വിവാഹ മോചിതരാകുകയും ചെയ്തു. ഇരുപതിലേറെ ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ വിവാഹമോചനത്തിന് പിന്നാലെ കാവ്യയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇരുവരും പിന്നെയും അത് നിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അത് പുറത്തറിഞ്ഞത്. വിവാഹം കഴിഞ്ഞ് ഇന്ന് വൈകുന്നേരം തന്നെ ഇരുവരും ദുബായിലേക്ക് പോകുമെന്നാണ് അറിയുന്നത്.