കള്ളപ്പണം വെളുപ്പിക്കാന്‍ കാണ്‍പൂര്‍ ട്രെയിന്‍ അപകടവും മറയാക്കുന്നു; പരിക്കേറ്റവര്‍ക്ക് ലഭിച്ചത് അസാധുവാക്കിയ നോട്ടുകള്‍

single-img
21 November 2016

 

kanpur-train-accident-injured-pti_650x400_61479699712

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ട്രെയിന്‍ അപകടത്തിന്റെ മറവിലും കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം. പരിക്കേറ്റ ചിലര്‍ക്ക് ലഭിച്ച പണത്തില്‍ നവംബര്‍ എട്ടിന് നിരോധിച്ച അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകളും ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചു.

കാണ്‍പൂരിലെ മതി ആശുപത്രിയില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിവരം അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കാണ്‍പൂര്‍ മേഖല പോലീസ് കമ്മിഷണര്‍ അറിയിച്ചു. അപകടത്തില്‍ 133 പേര്‍ മരിക്കുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 75 പേരുടെ നില അതീവ ഗുരുതരമാണ്.

ആശ മിശ്ര, അനില്‍ എന്നീ പേരുകളില്‍ പരിചയപ്പെടുത്തിയ രണ്ട് പേരാണ് പരിക്കേറ്റ ചിലരെ സമീപിച്ച് അഞ്ഞൂറിന്റെ പത്ത് നോട്ടുകള്‍ വീതം നല്‍കിയത്. റെയില്‍വേ നല്‍കുന്ന പണമാണെന്നാണ് ഇവര്‍ അറിയിച്ചതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം ഈ പണം റെയില്‍വേ നല്‍കിയതാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

ഈ പണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ റെയില്‍വേ ജീവനക്കാരോ വിതരണം ചെയ്തതാണോയെന്ന് അറിയില്ലെന്നും ഇതിനെക്കുറിച്ച് എത്രയും വേഗം അന്വേഷണം വേണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി നേതാവ് ആര്‍ പി സിംഗ് അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെങ്കില്‍ അത് ദുഃഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെങ്കിലുമാണ് ചെയ്തതെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജനങ്ങളുടെ മുറിവില്‍ ഉപ്പ് പുരട്ടുകയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും ആര്‍പി സിംഗ് കൂട്ടിച്ചേര്‍ത്തു.