പതിനാല് വര്‍ഷത്തിനിടയിലെ ഡോളറിന്റെ ഏറ്റവും കൂടിയ വില; അഞ്ച് മാസത്തിനിടയിലെ രൂപയുടെ ഏറ്റവും കുറഞ്ഞ വില

single-img
15 November 2016

 

rupee-650_650x400_51478860478

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കന്‍ കറന്‍സിയായ ഡോളറിന് ശുക്രദശ തുടങ്ങി. എന്നല്‍ ഇന്ത്യന്‍ രൂപയുടെ വില കുത്തനെ ഇടിയുകയും ചെയ്തു.

സെന്‍സെക്‌സ് പോയിന്റിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉയര്‍ന്ന മൂല്യമുള്ള ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമായത്. രൂപയുടെ മൂല്യത്തില്‍ അമ്പത് പൈസ കുറഞ്ഞ് ഒരു അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 67.75 രൂപയാണ് ഇന്നത്തെ വില. പതിനാല് വര്‍ഷത്തിനിടെയില്‍ ഡോളറിന് ലഭിച്ച ഏറ്റവും വലിയ മൂല്യമാണ് ഇത്. അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യ തകര്‍ച്ചയും ഇതാണ്.

ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ വിപണി. വിലക്കയറ്റത്തെ നേരിടാനായി നിരക്കുകള്‍ അതിവേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാകുകയും ചെയ്തു. കറന്‍സി ഉള്‍പ്പെടെയുള്ള വിപണി ആസ്തികളുടെ മൂല്യം കുറയുകയും ചെയ്തിരുന്നു. എന്നാല്‍ നിരക്ക് വര്‍ദ്ധനവ് ഡോളറിനെ മൂല്യതകര്‍ച്ചയില്‍ നിന്നും കരകയറ്റി.

കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സെന്‍സെക്‌സ് അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം 1.7 ശതമാനം താഴുകയും ചെയ്തു. ഏഷ്യ-പസഫിക് ഷെയറിലും അഞ്ച് ശതമാനം കുറവുണ്ടായി. ട്രംപിന്റെ വിജയത്തോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കാന്‍ ആരംഭിച്ചതും രൂപയുടെ മൂല്യം തകരാന്‍ ഇടയാക്കി. 1500 കോടിയുടെ ഇന്ത്യന്‍ ഓഹരികളാണ് വെള്ളിയാഴ്ച വരെ വിദേശ നിക്ഷേപകര്‍ വിറ്റുകളഞ്ഞത്.

വലിയ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യന്‍ വിപണി സമ്മര്‍ദ്ദത്തിലായി. ഈ സമ്മര്‍ദ്ദം കുറച്ചുകാലത്തേക്കെങ്കിലും തുടരുമെന്നാണ് കരുതുന്നത്. സെന്‍സെക്‌സ് 498 പോയിന്റ് കുറഞ്ഞ് 26,321ലും നിഫ്റ്റി 8200ലും എത്തി.