സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലെത്തിയത് അന്വേഷിക്കുമെന്ന് കൊടിയേരി; കീഴടങ്ങണമെന്ന് കര്‍ശന നിര്‍ദ്ദേശം

single-img
15 November 2016

 

sakkirhussain

വെണ്ണലയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി സിപിഎം ജില്ല കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അതേസമയം സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസില്‍ സംരക്ഷണം ഒരുക്കിയത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയത്. വിവരമറിഞ്ഞ് പോലീസും ഇവിടെയെത്തിയെങ്കിലും പാര്‍ട്ടി ഓഫീസില്‍ കയറാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. വിധി വന്നതിന്റെ തൊട്ടടുത്ത മണിക്കൂറില്‍ സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസില്‍ ഒളിത്താവളമൊരുക്കിയത് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഏരിയ കമ്മിറ്റി യോഗത്തിലും സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും ചോദ്യം ചെയ്യലിന് ശേഷം അന്ന് തന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നുമാണ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസില്‍ തന്നെയുണ്ടെന്ന് ഏരിയ കമ്മിറ്റി യോഗത്തിന് ശേഷം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി കെ മോഹനന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഏഴു ദിവസത്തിനകം കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശമെന്നും ഏഴ് ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ മാത്രമേ പോലീസിന് സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാനാകൂവെന്നും മോഹനന്‍ അറിയിച്ചു. ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.