പഴയ നോട്ടുകൾ മാറിയെടുക്കാൻ വരുന്നവർക്ക് 2,000 രൂപ നോട്ടുകൾ നൽകിയാൽ മതിയെന്ന് ആർ.ബി.ഐ നിർദ്ദേശം;ചില്ലറ ക്ഷാമം രൂക്ഷമാകുന്നു

single-img
14 November 2016

atm-q

പഴയ നോട്ടുകൾ മാറിയെടുക്കാൻ വരുന്ന ഇടപാടുകാർക്ക് 2,000 രൂപ നോട്ടുകൾ നൽകിയാൽ മതിയെന്ന് ആർ.ബി.ഐ നിർദ്ദേശം.ഇതുകാരണം 2000 രൂപ ലഭിച്ചവർക്കും ചില്ലറയ്ക്കായി അലയേണ്ട സ്ഥിതിയാണു ഇപ്പോൾ. ബാങ്കുകളിലും എടിഎമ്മുകളിലും പുതിയ 500 രൂപ നോട്ടുകൾ എത്തിയില്ല. നഗരത്തിലെ മിക്ക എടിഎമ്മുകളിലും പണമില്ലാതെ ജനങ്ങൾ പരക്കം പായുകയാണ്. പഴയ 500, 1,000 രൂപ നോട്ടുകൾ മാറിയെടുക്കാൻ ബാങ്കുകൾക്ക് മുൻപിൽ നല്ല തിരക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്.

ഇപ്പോള്‍ ലഭ്യമായ 2000 രൂപ നോട്ടുകള്‍ ജനങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടാത്ത സാഹചര്യമാണുള്ളത്. വാഹനയാത്രയ്ക്കും ഹോട്ടലുകളിലും ചെറിയ കടകളിലും 2000 രൂപകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നതാണ് സ്ഥിതി. മിക്കവാറും ആസ്പത്രികള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നുമില്ല.ഇതൊടെ മണിക്കൂറുകൾ ക്യൂ നിന്ന് മാറ്റിക്കിട്ടിയ 2000ന്റെ നോട്ടുകള്‍ കൊണ്ട് ജനങ്ങൾക്ക് വീണ്ടും അലയേണ്ട സ്ഥിതിയാണുള്ളത്.
500 രൂപയുടെ നോട്ടുകള്‍ ഇന്ന് വിതരണത്തിന് എത്തിക്കുമെന്നാണു നേരത്തെ റിസർവ് ബാങ്ക് അറിയിച്ചിരുന്നത്.എന്നാൽ 2000 രൂപ നോട്ടുകള്‍ തന്നെയാണ് ഇന്നും റിസര്‍വ്വ് ബാങ്ക് വിവിധ ബാങ്കുകളില്‍ എത്തിച്ചിട്ടുള്ളത്. 100, 50 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുതിയ 500 രൂപ നോട്ടുകളും എത്താത്തത് നോട്ട് ക്ഷാമം രൂക്ഷമാക്കും.