500, 1000 രൂപാ നോട്ടുകള്‍ നവംബർ 24 വരെ ഉപയോഗിക്കാം;നാളത്തെ കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി.

single-img
14 November 2016
എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചില്‍ അതിരാവിലെ മുതലുള്ള തിരക്ക്‌

എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചില്‍ അതിരാവിലെ മുതലുള്ള തിരക്ക്‌

ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് പഴയ 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നത് പത്തു ദിവസം കൂടി നീട്ടി. പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ടോള്‍ ബൂത്തുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഈ നോട്ടുകള്‍ ഈ മാസം 24 വരെ ഉപയോഗിക്കാം. ഇന്ന് വരെയായിരുന്നു ഇവയുടെ ഉപയോഗത്തിന് സമയപരിധി നിശ്ചയിച്ചിരുന്നത്.

നോട്ടുപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മേൽപ്പറഞ്ഞ ഇടങ്ങളിൽ പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കാൾ സാധിക്കുമെന്ന്, നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപനം നടത്തിയ ചൊവ്വാഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. വെള്ളിയാഴ്ച വരെയായിരുന്നു ഇതിന് അദ്ദേഹം അനുവദിച്ച സമയപരിധി. എന്നാൽ, നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ഏർപ്പെടുത്തിയ ബദൽ സംവിധാനങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഫലം കാണാതെ വന്നതോടെ സമയപരിധി മൂന്നു ദിവസം കൂടി നീട്ടിയത്.

അതേസമയം നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറി. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ അറിയിച്ചു.

ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. 1000,500 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.