ഇന്ന് സൂപ്പർ മൂണിനെ കാണാം;68 വര്‍ഷത്തിനുശേഷം ഇതാദ്യമായാണു ചന്ദ്രനെ ഇത്ര വലുപ്പത്തില്‍ കാണാന്‍ കഴിയുന്നത്

single-img
14 November 2016

Elk Silhouette
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സൂപ്പര്‍ മൂണ്‍ ഇന്ന്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പൂർണചന്ദ്രദിന പ്രതിഭാസമാണ് ഇന്നും നാളെയുമായി ആകാശത്തു ദൃശ്യമാകുന്നത്. 1948 ലായിരുന്നു ഇതിനു മുമ്പ് ചന്ദ്രൻ ഭൂമിയോട് ഇത്രയുമടുത്തു വന്നത്. തുലാവര്‍ഷ മേഖങ്ങള്‍ മറച്ചില്ലെങ്കില്‍ സൂര്യാസ്തമയം മുതല്‍ ചന്ദ്രനെ കാണാം. ഇനി ഇത്രയും അടുത്ത് കാണണമെങ്കില്‍ 2034 നവംബര്‍ 25ലെ പൂര്‍ണ്ണ ചന്ദ്രദിനം വരെ കാത്തിരിക്കണം. ഇന്ന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരം 356508 കിലോമീറ്റര്‍ ആണ്. കഴിഞ്ഞ ഒക്‌ടോബര്‍ 16ലെ പൂര്‍ണ്ണചന്ദ്ര ദിനവും സൂപ്പര്‍ മൂണിനോട് സാദൃശ്യമുള്ളതായിരുന്നു. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്നും വാനനിരീക്ഷകർ പറയുന്നു.
ചന്ദ്രന്‍ സാധാരണയിലും 14 മടങ്ങ് അധികം ഭൂമിയോട് അടുത്തു വരികയും. 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യുന്നതാണ് സൂപ്പര്‍ മൂണ്‍. കുടുതല്‍ ചുവന്ന് കാണപ്പെടുന്നതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇത് അറിയപ്പെടുന്നു. ഇരുട്ടുള്ള സ്ഥലങ്ങളിലും, ഉയര്‍ന്ന പ്രദേശങ്ങളിലും കിഴക്കന്‍ ചക്രവാളത്തില്‍ വ്യക്തമായി സൂപ്പര്‍ മൂണ്‍ ദര്‍ശിക്കാം.
അതേസമയം, സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകുന്നത് ലോകാവസാനത്തിന്റെയും അന്ത്യക്രിസ്‌തു വരുന്നതിന്റെയും അടയാളമാണെന്ന് വിശ്വാസിക്കുന്നവരും ഏറെയാണ്. സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായാൽ ഭൂമിയിൽ അപകടങ്ങളും പ്രകൃതി ക്ഷോഭങ്ങളും വർദ്ധിക്കുമെന്നും ഇക്കൂട്ടർ വിശ്വാസിക്കുന്നു.
എന്നാൽ ഇത്തരത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയുടെ പരിക്രമണം കൊണ്ടുള്ള സാധാരണ പ്രതിഭാസമാണിതെന്നുമാണ് വാനനിരീക്ഷകരുടെ അഭിപ്രായം.