വ്യാപാരികളുടെ സമരം: പുരകത്തുമ്പോള്‍ വാഴവെട്ടരുതെന്ന് സുരേന്ദ്രന്‍; അപ്പോള്‍ പുര കത്തുകയാണെന്ന് സുരേന്ദ്രന് അറിയാം

single-img
13 November 2016

 

ulli-sura

തിരുവനന്തപുരം: ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച് രാജ്യത്ത് നോട്ടിന് ക്ഷാമമുണ്ടാക്കായി കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ചൊവ്വാഴ്ച മുതല്‍ കടയടപ്പ് സമരവുമായി രംഗത്തുവരാനിരിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പുരകത്തുമ്പോള്‍ വാഴവെട്ടരുതെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട് കള്ളപ്പണക്കാര്‍ക്കെതിരാണെന്നും ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇവിടെ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കുകയാണ് സുരേന്ദ്രന്‍ ഈ വാക്കുകളിലൂടെ. രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി ദിവസങ്ങളോളം ബുദ്ധിമുട്ടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഈ രീതിയിലെങ്കിലും ആദ്യമായാണ് ഒരു ബിജെപി നേതാവ് അംഗീകരിക്കുന്നത്.

അതേസമയം നല്ലകാര്യത്തിന് വേണ്ടി ജനങ്ങള്‍ കഷ്ടപ്പാട് സഹിക്കാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു. നിവൃത്തികേട് കൊണ്ടാണെന്ന് മാത്രം അദ്ദേഹം ഓര്‍ക്കുന്നില്ല. ജനങ്ങളെ കൂടുതല്‍ കഷ്ടപ്പാടിലാക്കുന്ന കടയടപ്പ് സമരവുമായി രംഗത്തിറങ്ങാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അതും അനിശ്ചിതകാലത്തേക്കാവുമ്പോള്‍ കടന്ന കൈയും തനി ധിക്കാരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജ്വല്ലറിയും വന്‍കിട തുണിക്കടയുമൊക്കെ അടച്ചോളൂ ചെറുകിട കടകള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ അത് സഹിക്കില്ലെന്ന് പറയുന്ന സുരേന്ദ്രന്‍ ഈ കടകളിലേക്ക് അവശ്യ സാധനങ്ങള്‍ പണമില്ലാതെ എങ്ങനെ എത്തിച്ചേരുമെന്നോ അത് ജനങ്ങള്‍ എങ്ങനെ വാങ്ങുമെന്നോ പറയുന്നില്ല. നോട്ടിന്റെ ബുദ്ധിമുട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് തീരാനാണ് സാധ്യതയെന്നും ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഈ കടയടപ്പു സമരത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പിന്നീട് കട തുറക്കാന്‍ വരുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ നോക്കുന്നത് ആര്‍ക്കും നല്ലതിനല്ല എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.