മോഡി സര്‍ക്കാര്‍ അധികാരം വിലയ്‌ക്കെടുക്കുന്നെന്ന് മമത; ഈ കള്ള രാഷ്ട്രീയ തീരുമാനം പിന്‍വലിക്കുക

single-img
13 November 2016

 

mamata-4_647_012816082535
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്ത്. ജനവിരുദ്ധമായ ഈ കള്ള രാഷ്ട്രീയ തീരുമാനം പിന്‍വലിക്കണമെന്നാണ് അവര്‍ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യമെമ്പാടുമുള്ള വിപണികളെ തകര്‍ത്തുകൊണ്ടും ജനങ്ങളെ വേദനിപ്പിച്ചുകൊണ്ടും അധികാരം വിലയ്‌ക്കെടുക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരം വിലയ്‌ക്കെടുക്കുമെന്ന് താന്‍ മുമ്പും സൂചിപ്പിച്ചിട്ടുള്ളതാണെന്ന് അവകാശപ്പെട്ട മമത പ്രായഭേദമന്യേ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ താന്‍ ഒരിക്കല്‍ കൂടി ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അറിയിച്ചു.

ഈ നയം വന്‍തോതിലുള്ള കരിഞ്ചന്തയിലേക്ക് നയിക്കുമെന്ന് പറഞ്ഞ അവര്‍ ഇത് പാവപ്പെട്ടവരെ ദ്രോഹിക്കാനും കൊള്ളപ്പലിശക്കാരെ സഹായിക്കാനും മാത്രമേ ഉപകരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച മമത സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടാമെന്ന് അവര്‍ അന്ന് ആഹ്വാനം ചെയ്തു.

നവംബര്‍ 16ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ നോട്ടുകള്‍ പിന്‍വലിച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ കത്ത് നല്‍കിയിട്ടുണ്ട്.