അഫ്ഗാന്‍ മൊണാലിസ ഇന്ത്യയിലേക്ക് വരുന്നു; വരുന്നത് സൗജന്യ ചികിത്സ തേടി

single-img
13 November 2016

 

gula

അഫ്ഗാന്‍ മൊണാലിസ എന്നറിയപ്പെടുന്ന ഷര്‍ബത് ഗുല ഇന്ത്യയിലേക്ക് വരികയാണെന്ന് അഫ്ഗാനിസ്ഥാല്‍ എംബസി അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് ഷര്‍ബത്ത് ഇന്ത്യയിലേക്ക് തിരിച്ചിരിക്കുന്നത്.

അഫ്ഗാന്‍ അംബാസഡര്‍ ഷായ്ദ അബ്ദാലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ‘അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ മുഖമായ ഷര്‍ബത്ത് ഗുല സൗജന്യ ചികിത്സയ്ക്കായി ഉടന്‍ തന്നെ ഇന്ത്യയിലെത്തും’- എന്നാണ് ട്വീറ്റ് പറയുന്നത്. ഷര്‍ബത്തിനെ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിരിക്കുകയാണ്. ബംഗളൂരുവിലെത്തി ചികിത്സ തേടാനാണ് ഇവരുടെ പദ്ധതി. ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് വ്യാജ ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മിച്ച കുറ്റത്തിന് പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇവരെ പെഷവാറിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് 15 ദിവസം തടവും 1.1 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവരെ നാടുകടത്താനും തീരുമാനിച്ചിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഖൈബര്‍-പക്തൂന്‍ഖ്വ കോടതി ഇവരെ നാടുകടത്തേണ്ടതില്ലെന്ന് വിധിച്ചെങ്കിലും പാകിസ്ഥാനില്‍ തുടരേണ്ടതില്ല എന്നായിരുന്നു ഇവരുടെ തീരുമാനം.

പാകിസ്ഥാന്‍ ഷര്‍ബത്തിനെ നാടുകടത്താന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിക്കുകയും എല്ലാ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ നഷ്ടങ്ങളുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ് ഷര്‍ബത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഷര്‍ബത്തിന്റെ നീല കണ്ണുകളെയും തുളച്ചുകയറുന്ന നോട്ടത്തെയും എടുത്തുകാണിക്കുന്ന ചിത്രം അനിശ്ചിതമായ ഭാവിയെ ഉറ്റുനോക്കുന്ന ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. സ്റ്റാവ് മക്കറി പാകിസ്ഥാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നില്‍ നിന്നാണ് അന്ന് ഒരു പെണ്‍കുട്ടിയായിരുന്ന ഷര്‍ബത്തിന്റെ ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പുറത്തുവന്നതോടെ അതിനെ ലിയാനാര്‍ഡോ ഡാവിഞ്ജിയുടെ വിഖ്യാത ചിത്രം മൊണാലിസയുമായാണ് പലരും താരതമ്യം ചെയ്തത്. അങ്ങനെയാണ് ഇവര്‍ അഫ്ഗാന്‍ മൊണാലിസ എന്നറിയപ്പെട്ടത്.

ഇപ്പോള്‍ നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള ഷര്‍ബാത്ത് വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമാണ്. ഇതില്‍ ഒരു കുട്ടി മരിച്ചു പോയി.