ജനങ്ങള്‍ വലയുന്നു; ബാങ്കുകള്‍ ഇന്നും പ്രവര്‍ത്തിക്കും; തുടര്‍ച്ചയായ നാലാം ദിവസവും ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്

single-img
13 November 2016

 

ചവറ ശങ്കരമംഗലത്തെ എസ്ബിടി ബാങ്കിന് മുന്നിലെ തിരക്ക്‌

ചവറ ശങ്കരമംഗലത്തെ എസ്ബിടി ബാങ്കിന് മുന്നിലെ തിരക്ക്‌

തിരുവനന്തപുരം: നോട്ട് പരിഷ്‌ക്കരണത്തില്‍ വലയുകയാണ് പൊതുജനം. എടിഎമ്മുകളില്‍ പണമില്ലാതെ ജനം കഷ്ടപ്പെടുന്നതിനിടയില്‍ ബാങ്കുകള്‍ ഇന്നും പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നിന്ന് കിട്ടുന്ന 2000 രൂപയ്ക്ക് ചില്ലറ കിട്ടാന്‍ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്.

ബാങ്കിനു മുന്നില്‍ നിന്നും മണിക്കൂറുകളോളം ക്യൂ നിന്നാലും ലഭിക്കുന്നത് രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം. ഇത് മാറിയെടുക്കാനുള്ള നെട്ടോട്ടമാണ് പിന്നീടുള്ളത്. കടകളില്‍ ചില്ലറക്ഷാമമുള്ളതിനാല്‍ രണ്ടായിരത്തിന് ചില്ലറയും കിട്ടാതെ വലയുകയാണ് പൊതുജനം. കടകളില്‍ കച്ചവടം കുറഞ്ഞതും മതിയായ ചില്ലറ ലഭിക്കാത്തതുമാണ് നോട്ട് മാറികിട്ടാതിരിക്കാനുള്ള പ്രധാന കാരണം. നൂറ് രൂപാ നോട്ട് കണികാണാന്‍ പോലുമില്ല. ബാങ്കുകളില്‍ ചെന്നാലും ഇതുതന്നെയാണ് പല്ലവി. അതിനാലാണ് പലപ്പോഴും ചില്ലറ മാറാന്‍ ചെല്ലുന്നവര്‍ക്ക് രണ്ടായിരം രൂപ നോട്ട് തന്നെ നല്‍കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്.

പത്തിന്റെയും ഇരുപതിന്റെയും അമ്പതിന്റെയും നോട്ടുകളും ചില്ലറയായി കൊടുക്കുന്നുണ്ടെങ്കിലും ഇതിനും ദൗര്‍ബല്യം നേരിടുന്നുണ്ട്. ആവശ്യമായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാതെ സര്‍ക്കാര്‍ ഇത്തരത്തില്‍ അപ്രതീക്ഷിതമായി നോട്ട് പിന്‍വലിക്കുന്ന തീരുമാനമാണ് തിരിച്ചടിയായത്. നോട്ട് ക്ഷാമം മൂലം പലയിടങ്ങളും ആക്രമണങ്ങളും അനിഷ്ടസംഭവങ്ങളും പതിവായിരിക്കുകയാണ്. ദൈനംദിന ജീവിതത്തിന് പോലും പണം തികയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

നോട്ട് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ നൂറു രൂപ നോട്ട് എത്തിക്കാന്‍ നടപടിയെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. എടിഎമ്മുകള്‍ പൂര്‍ണ്ണ സജ്ജമാകാന്‍ ആഴ്ച്ചകളെടുക്കുമെന്നും ഇന്നലെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാനത്തെ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഹോട്ടലുകളും അടച്ചിടലിലേക്ക് നീങ്ങുകയാണെന്നാണ് അറിയുന്നത്. 500, 1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് കച്ചവടത്തെ ദോഷകരമായി ബാധിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദീന്‍ പറഞ്ഞു.