നോട്ട് ക്ഷാമം: നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാനാകുന്നില്ല; നാട്ടുകാര്‍ റേഷന്‍കട കൊള്ളയടിച്ചു

single-img
12 November 2016

 

madhyapradesh

കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമം കാരണം നാട്ടുകാര്‍ റേഷന്‍ കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ചാത്താര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റേഷന്‍ കട കൊള്ളയടിച്ചത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് ശേഷം നാട്ടുകാര്‍ക്ക് പല നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇതോടൊപ്പം എടിഎമ്മുകളിലെ നീണ്ട ക്യൂ കൂടി ആയപ്പോള്‍ നാട്ടുകാരുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഈ റേഷന്‍ കടയില്‍ നിന്നും നാല് മാസമായി ആളുകള്‍ക്ക് സാധനങ്ങളൊന്നും കൊടുക്കാത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നും പ്രചരണമുണ്ട്.

ഇന്നലെ കടയിലെത്തിയ ജനങ്ങള്‍ കട ഉടമ മുന്നി ലാലിനെ ഭീഷണിപ്പെടുത്തിയിരുന്നു. സാധനങ്ങള്‍ തന്നില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ് ഇന്ന് കൊള്ള നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.