2000 രൂപ നോട്ടിലെ പിഴവ് ദേവനാഗരിക ലിപിയില്‍ എഴുതിയത് കൊണ്ട്; ഭരണഘടനാ ലംഘനമെന്ന് ജെഎന്‍യുവിലെ ഗവേഷകര്‍

single-img
12 November 2016

 

notes
ദില്ലി: പുതിയതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ പിഴവുണ്ടെന്ന് പറഞ്ഞു നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് പരക്കുന്നത്.

നോട്ടിന്റെ പിന്‍ പുറത്ത് രണ്ട് അക്ഷരത്തെറ്റാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടിടങ്ങളിലായി ‘ദോ ഹസാര്‍ റൂപ്പായ്’ എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ ‘ദോ’ എന്നത് ‘ദോന്‍’ എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനൊപ്പം നോട്ടിലെ ഉറുദു ലിപിയിലും തെറ്റ് വന്നിട്ടുണ്ട്.

അതേസമയം പുതിയ 2000 നോട്ടുമായി ബന്ധപ്പെട്ട തലവേദനകള്‍ തീരുന്നില്ല. നോട്ടില്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു നീക്കം ഇതാദ്യമാണ്. തികച്ചും ഭരണഘടനാലംഘനമായ പ്രവര്‍ത്തിയാണിതെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ നയമാണെന്നുമുള്ള വാദവുമായി ഒരു വിഭാഗം ഗവേഷകര്‍ രംഗത്ത് എത്തിട്ടുണ്ട്.

ബഹുഭാഷാ രാജ്യമായ ഇന്ത്യയില്‍ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷ ആണെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ലിപിയും ഉപയോഗിക്കണമെന്നതിന്റെ ലംഘനമാണ് പുതിയ നോട്ടില്‍ നടത്തിയിട്ടുള്ളതെന്ന് ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ സംഖ്യാക്രമത്തിന്റെ അന്താരാഷ്ട്ര അംഗീകൃത രൂപമാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്.

ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ ദേവനാഗരിക ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാനാകൂ. കറന്‍സി നോട്ടുകളുടെ രൂപകല്‍പ്പന ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് എന്നതിനാല്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ എഴുതിയത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ സമീപനമാണെന്ന് ജെഎന്‍യുവിലെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉയര്‍ത്തുന്നു.