ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരം അവിടെ പോയിട്ടുണ്ടോന്ന് സര്‍ക്കാരിന് സംശയം! യാത്രാബത്തയും മറ്റും വൈകിപ്പിക്കുന്നതിന് പറയുന്നത് വിചിത്ര ന്യായം

single-img
12 November 2016

 

nalini_1777892g

തിരുവനന്തപുരം: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണമെഡല്‍ വാങ്ങിയ താരം അവിടെ പോയിട്ടുണ്ടോയെന്ന് സര്‍ക്കാരിന് സംശയം. തൃശൂര്‍ റൂറല്‍ ( D.C.R.B ) എ.എസ്.ഐ രാമചന്ദ്രന്‍ ടി.കെയാണ് 2016 ജൂണ്‍ ഏഴുമുതല്‍ 12 വരെ രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയത്.

ഇദ്ദേഹത്തിന് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി പോലീസ് സ്‌പോര്‍ട്‌സ് ഫണ്ടില്‍ നിന്നും 90,000 രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഫയല്‍ 11.05.16ന് സര്‍ക്കാരിന് അയച്ചു കൊടുത്തെങ്കിലും മത്സരത്തിന് മുമ്പ് തുക ലഭിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം കടം വാങ്ങിയും മറ്റുമാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട യാതൊരു നടപടികളും ഇനിയും ഉണ്ടായിട്ടില്ല. ഇതിനായി സ്ഥിരമായി സെക്രട്ടറിയേറ്റ് കയറി ഇറങ്ങിയെങ്കിലും ഒരു നടപടിയും കൈകൊള്ളാന്‍ ആരും തയ്യാറായതുമില്ല.

തന്റെ ഫയല്‍ ഒരു ക്ലര്‍ക്ക്‌ ദുരുദ്ദേശത്തോടുകൂടി 5 മാസമായി മേശവലിപ്പിനുള്ളില്‍ പൂട്ടിവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് രാമചന്ദ്രന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളറിയാന്‍ ഇവാര്‍ത്തയില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഹോം & വിജിലന്‍സ് നളിനി നെറ്റോയുമായി ബന്ധപ്പെട്ടപ്പോള്‍ വിചിത്രമായ മറുപടിയാണ് അവരില്‍ നിന്നും ലഭിച്ചത്. രാമചന്ദ്രന്റെ അപേക്ഷ വൈകാന്‍ കാരണം അയാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അതിന് ശേഷമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂവെന്നുമാണ് അവര്‍ പറഞ്ഞത്. മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ കായികതാരം അവിടെ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്നതിലെ ഔചിത്യമെന്തെന്ന് മനസിലാകുന്നില്ല.

കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി പലപ്പോഴും മറുപടി പറയാന്‍ കൂട്ടാക്കാതെ ഫോണ്‍ കട്ടു ചെയ്യുകയും തന്റെ ഓഫീസില്‍ ദിവസവും നൂറുകണക്കിന് ഫയല്‍ വരുന്നതാണെന്നും അതെല്ലാം ഒന്നിച്ചു നോക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. രാമചന്ദ്രന്‍ പരാതിയുമായി മാധ്യമങ്ങളെ ബന്ധപ്പെട്ടത് അയാള്‍ക്ക് മര്യാദ ഇല്ലാത്തതു കൊണ്ടാണെന്നും നളിനി നെറ്റോ ആരോപിച്ചു.

ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയയാള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നു പറയുമ്പോള്‍ തന്നെ അതില്‍ നിന്നും സര്‍ക്കാറിന്റെ മനോഭാവം എന്താണെന്ന് വ്യക്തമാണ്. രാമചന്ദ്രന് അര്‍ഹതപ്പെട്ട തുക അനുവദിക്കുന്നതിന് കാലതാമസം വരുത്തുന്നതിനാണ് ഈ ന്യായം നിരത്തുന്നതെന്നും വ്യക്തം. അതേസമയം ഒരു പോലീസുകാരന്‍ മീഡിയ വഴി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ അദ്ദേഹത്തിനെതിരെ വേറെ കേസെടുക്കേണ്ടി വരുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സൂചിപ്പിച്ചു.

അതേസമയം തന്റെ പരാതി പരിഗണിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പു നല്‍കിയതായും നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും രാമചന്ദ്രന്‍ ഇ വാര്‍ത്തയോട് പറഞ്ഞു.