പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബംഗാളില്‍ ബിജെപി ഒരുകോടി രൂപ നിക്ഷേപിച്ചെന്ന് സിപിഎം; പണം നിക്ഷേപിച്ചത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കെന്ന് ബിജെപി

single-img
12 November 2016

 

bjp-1024x577

കൊല്‍ക്കത്ത: രാജ്യത്തെ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പശ്ചിമബംഗാളിലെ ബിജെപി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിക്കപ്പെട്ടതായി സിപിഎം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടിയന്തിരമായി ഒരു കോടി രൂപ നിക്ഷേപിക്കുകയായിരുന്നെന്നാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ മുഖപത്രമായ ഗണാശക്തിയില്‍ വന്ന ലേഖനത്തില്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ ബാങ്കിന്റെ ചിത്തരഞ്ജന്‍ അവന്യൂ ബ്രാഞ്ചില്‍ ഒരു കോടി രൂപ നിക്ഷേപിച്ചതായാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടി ബംഗാള്‍ യൂണിറ്റിന്റെ 554510034 എന്ന അക്കൗണ്ട് നമ്പരിലാണ് പണം നിക്ഷേപിച്ചത്. 60 ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളും 40 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളുമാണ് നിക്ഷേപിച്ചതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം സിപിഎമ്മിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി പശ്ചിമബംഗാള്‍ യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്തെത്തി. ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയാണ് പണം നിക്ഷേപിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. ആവശ്യമായ രേഖകള്‍ സഹിതമാണ് പണം നിക്ഷേപിച്ചത്. ഇടപാടിന്റെ രേഖകള്‍ ആവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണ്.

വിവിധ ഘട്ടങ്ങളിലായി പാര്‍ട്ടിക്ക് ലഭിച്ച സംഭാവന തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും വന്‍ തുകയുടെ ഇടപാടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.