ബാങ്കിന് മുന്നിലെ ക്യൂ ഇന്നും തുടരുന്നു; പണത്തിന് വേണ്ടി വലഞ്ഞ് നാലാം ദിവസവും ജനം

single-img
12 November 2016

 

atm-q

മുന്നൊരുക്കമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണത്തിനായി തുടര്‍ച്ചയായി നാലാം ദിവസവും ജനം വലയുന്നു. ഇന്ന് രാവിലെയും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള നീണ്ട ക്യൂ തുടരുകയാണ്.

അതേസമയം അസാധുവാക്കിയ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ മൂന്ന് ദിവസം കൂടി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രികള്‍, പമ്പുകള്‍, കെഎസ്ആര്‍ടിസി, വിമാനത്താവളങ്ങള്‍, റെയില്‍വേ, ശ്മശാനം എന്നിവിടങ്ങളിലാണ് 14 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. തിങ്കളാഴ്ച വരെ രാജ്യത്ത് ടോള്‍ പിരിവും അതുവരെയും നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ രണ്ടര ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ബാങ്കുകളില്‍ നിന്നും ശേഖരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നോട്ട് മാറ്റിയെടുക്കാനും പണം പിന്‍വലിക്കാനുമാണ് ഇന്നും ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലു എടിഎമ്മുകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കുന്നത്. ഇന്നും പുലര്‍ച്ചെ മുതല്‍ തന്നെ പോസ്റ്റ്ഓഫീസുകളിലും ബാങ്കുകളിലും ക്യൂ ആരംഭിച്ചു. ഇതിനിടെ ബാങ്കുകള്‍ക്ക് അടിയന്തിരമായി പണമെത്തിക്കാന്‍ ധനകാര്യമന്ത്രിലായം റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കി.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ഒന്നര ദിവസത്തിനിടെ 53,000 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് എസ്ബിഐ അറിയിച്ചത്. വ്യാഴാഴ്ച 31,000 കോടിയും ഇന്നലെ ഉച്ചവരെ മാത്രം 22,000 കോടിയുമാണ് നിക്ഷേപമുണ്ടായത്. പ്രത്യേക സാഹചര്യം പരിഗണിച്ച് നാളെയും ബാങ്കുകള്‍ക്കും പോസ്റ്റ്ഓഫീസുകള്‍ക്കും പ്രവര്‍ത്തി ദിവസമാണ്.