ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ്, പ്രൈവറ്റ് സെക്രട്ടറി എന്നീ ആവശ്യങ്ങളില്‍ വിഎസിന്റെ നിര്‍ദേശം തള്ളി; ഓഫിസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി

single-img
11 November 2016

bl15vs_pin_2774547fഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയേറ്റ് അനക്‌സില്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഭരണപരിഷ്‌കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.എ.ജി ശശിധരന്‍ നായരെ പ്രൈവറ്റ് സെക്രട്ടറി ആക്കണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി. ഇതേ തുടര്‍ന്ന് വിഎസ് സീതാറാം യെച്ചൂരിക്ക് കത്തെഴുതിയിട്ടുണ്ട്.വിഎസിന്റെ സ്റ്റാഫില്‍ അംഗമായിരുന്ന ശശീധരന്‍ വാര്‍ത്ത ചോര്‍ത്തി എന്ന ആരോപണത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വീണ്ടും അദ്ദേഹത്തെ സ്റ്റാഫില്‍ അംഗമാക്കാനുള്ള വിഎസിന്റെ ശ്രമമാണ് പാര്‍ട്ടി തടഞ്ഞത്.
സെക്രട്ടറിയേറ്റിലോ സെക്രട്ടറിയേറ്റ് അനക്‌സിലോ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം നേരത്തെ തന്നെ മന്ത്രിസഭ തള്ളിയിരുന്നു. ഐഎംജിയില്‍ ഓഫീസും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.എംഎല്‍എ ഹോസ്റ്റലിലെ മുറിയിലായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുറി ഒഴിയണമെന്നും സ്പീക്കര്‍ വിഎസിനോട് ആവശ്യപ്പെട്ടിരുന്നു.