ഖത്തറിലെ പ്രവാസികള്‍ പൊതുമാപ്പിന്റെ ആനൂകുല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ സ്ഥാനപതി

single-img
11 November 2016

YEMEN-CONFLICT

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ സെപ്തംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നിന് അവസാനിക്കും. അതുകൊണ്ട് മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍.

ഇതിനകം ഏകദേശം 1,500 ഇന്ത്യന്‍ പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം നേടി. പാസ്‌പോര്‍ട്ടില്ലാത്ത 150 ഓളം പേര്‍ക്ക് എംബസിയില്‍ നിന്ന് അടിയന്തര ഔട്ട്പാസ് രേഖകള്‍ നല്‍കിയതായി സ്ഥാനപതി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ ബോധവത്കരണം ശക്തമാക്കുമെന്നും സ്ഥാനപതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസി സംഘടനകള്‍, ദോഹയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ ഗ്രോസറികള്‍, കഫ്തീരിയകള്‍, വില്‍പ്പന ശാലകള്‍, ബേക്കറികള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഫോം നല്‍കും. ഇവിടങ്ങളിലെത്തുന്ന പ്രവാസികള്‍ മതിയായ രേഖകള്‍ ഇല്ലാത്തവരാണെങ്കില്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ എംബസിയുടെ സഹായത്തോടെ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സ്വദേശത്തേക്ക് മടങ്ങാമെന്നും അദ്ദേഹം വിശദീകരിച്ചു. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ബോധവത്കരണം പരമാവധി ശക്തമാക്കാനാണ് തീരുമാനം.

മതിയായ രേഖകളില്ലാത്ത പ്രവാസികള്‍ക്ക് യാതൊരു നിയമ നടപടികളും ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നതെന്നും അത് മനസ്സിലാക്കി പരമാവധി ആനുകൂല്യം നേടാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് നിര്‍ദേശിച്ചു. ഡിസംബര്‍ ഒന്നിന് ശേഷം അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രവാസികളും നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തി പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.