കള്ളപ്പണക്കാരേറെയും മോഡിയുടെ നാട്ടുകാര്‍; മൂന്ന് ദിവസത്തിനിടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാമെന്ന് തിരക്കിയതില്‍ ഏറെയും ഗുജറാത്തില്‍ നിന്ന്

single-img
11 November 2016

 

modi
കള്ളപ്പണക്കാരെ തടയുന്നു എന്ന പ്രഖ്യാപനത്തോടെ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി താന്‍ ഭരിച്ച സംസ്ഥാനമായ ഗുജറാത്തിലേക്ക് ഒന്നു നോക്കിയിരുന്നെങ്കില്‍.. കള്ളപ്പണത്തെ ഇപ്പോഴും ഭയപ്പെടുന്നവരില്‍ ഏറെയും ഗുജറാത്തില്‍ നിന്നുള്ളവരാണെന്നാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന ദിവസത്തിനിടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്ന് ഗൂഗിളില്‍ അന്വേഷിച്ചതില്‍ ഏറെയും ഗുജറാത്തില്‍ നിന്നും. ഗൂഗിളില്‍ ‘കണ്‍വേര്‍ട്ട് ബ്ലാക്ക് മണി ഇന്റു വൈറ്റ് മണി’ എന്ന് തിരഞ്ഞവരെക്കുറിച്ച് ഗൂഗിള്‍ ട്രെന്‍ഡ്‌സ് എന്ന ആപ്ലിക്കേഷനില്‍ അന്വേഷിച്ചപ്പോഴാണ് ഇ വാര്‍ത്തയ്ക്ക് ഈ വിവരം ലഭിച്ചത്.

ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച അന്ന് രാത്രിമുതലാണ് ഈ കീ വേര്‍ഡ് ഉപയോഗിച്ചുള്ള അന്വേഷണം വ്യാപകമായത്. അതില്‍ കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും അധികം സെര്‍ച്ച് നടന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇന്ത്യയ്ക്ക് നൂറ് പോയിന്റാണ് സെര്‍ച്ച് ഇന്ററസ്റ്റ് പറയുന്നത്. ഇന്ത്യയില്‍ നിലവില്‍
ഏറ്റവുമധികം സെര്‍ച്ച് ഇന്ററസ്റ്റ് ഉള്ളത് ഗുജറാത്തിലാണെന്നും അതും നൂറ് പോയിന്റാണെന്നും ഗൂഗിള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നു.

നൂറ് പോയിന്റ് എന്നാല്‍ ഗൂഗിള്‍ ട്രെന്‍ഡ് അര്‍ത്ഥമാക്കുന്നത് തിരച്ചില്‍ വാചകത്തോടുള്ള ഏറ്റവും ഉയര്‍ന്ന ജനസമ്മതിയാണ്. 50 പോയിന്റാകുമ്പോള്‍ ഉയര്‍ന്ന ജനസമ്മതിയുടെ പകുതിയായി കണക്കാക്കും. പൂജ്യം പോയിന്റ് എന്നാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം ജനസമ്മതിയുള്ള തിരച്ചില്‍ വാചകമാണ് എന്നാണ് മനസിലാക്കേണ്ടതെന്നും ഗൂഗിള്‍ ട്രെന്‍ഡ് പറയുന്നു.

trend

നൂറ് പോയിന്റുള്ള ഗുജറാത്താണ് ഇന്ത്യയില്‍ മുന്നില്‍. അതായത് ഗുജറാത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്‍വേര്‍ട്ട് ബ്ലാക്ക് മണി ഇന്റു വൈറ്റ് മണി എന്ന് തിരഞ്ഞത്. 69 പോയിന്റുള്ള ഹരിയാനയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നതിനാല്‍ ഇടയ്ക്ക് ഛത്തീസ്ഗഢും 88 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡെല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളും പോയിന്റ് നില മാറിമാറി പല സ്ഥാനങ്ങളിലും എത്തുന്നു.

എന്നാല്‍ നൂറ് പോയിന്റില്‍ നിന്നും മാറ്റമില്ലാതെ ഒന്നാം സ്ഥാനത്ത് ഗുജറാത്ത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. കേരളമാണ് നിലവില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നത്.

അധികമൊന്നും അന്വേഷണമില്ലാതിരുന്ന ഈ വാചകം എട്ടാം തിയതി മുതലാണ് കൂടുതല്‍ അന്വേഷിക്കപ്പെട്ടു തുടങ്ങിയതെന്നും ഗൂഗിള്‍ ട്രെന്‍ഡില്‍ നിന്നും വ്യക്തമാണ്. അതിലെ ഗ്രാഫ് പ്രകാരം ഈ അന്വേഷണത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.