ഗണപതിയുടെ അവതാരം എന്നു അവകാശപ്പെടുന്ന ബാലനെ കാണാന്‍ തിക്കും തിരക്കും; വലിയ തലയും ചെറിയ കണ്ണുമായി ജനിച്ച ആള്‍ദൈവം പഞ്ചാബില്‍ നിന്നും

single-img
11 November 2016

 

pranshu1
പഞ്ചാബ്: ദൈവങ്ങള്‍ ഭൂമിയില്‍ അവതരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ. ആള്‍ദൈവങ്ങളും അവതാരങ്ങളും വാഴുന്ന ലോകത്തേക്ക് പുതിയൊരു ദൈവാവതാരം കൂടി എത്തിയിരിക്കുന്നു. പഞ്ചാബിലെ ജലന്ദര്‍ ഗ്രാമവാസികള്‍ വിഭിന്ന ശേഷിയുള്ള ബാലനെ ഗണപതിയുടെ അവതാരമായി കണ്ട് ആരാധിക്കുകയാണ്.

വലിയ തലയോടും ഇറുകിയ കണ്ണുകളോടും കൂടി ജനിച്ച പ്രാന്‍ഷുവിനെയാണ് പ്രദേശവാസികളും കുടുംബക്കാരുമുള്‍പ്പടെ ദൈവമായി കണ്ട് ആരാധിക്കുന്നത്. ഗണപതിയുടെ രൂപത്തിനോട് സാദൃശ്യം തോന്നുന്ന രൂപത്തോട് കൂടിയാണ് പ്രാന്‍ഷു ജനിച്ചത്. എല്ലാ വ്യാഴാഴ്ച്ചകളിലും പ്രാന്‍ഷുവിനെ കാണാനായി ഗ്രാമവാസികള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് കാത്ത് നില്‍ക്കും.

pranshu

തല വളര്‍ന്നു കൊണ്ടിരിക്കുന്ന അപൂര്‍വ്വ രോഗത്തോടു കൂടിയാണ് ബാലന്‍ ജനിച്ചത്. പ്രാന്‍ഷുവിന്റെ രൂപം ഗണപതിയുടെ രൂപത്തിനോട് സാമ്യമുള്ളതാണെന്ന് പറഞ്ഞ് ആരാധിക്കുന്നവര്‍ ബാലനെ ഗണേശ് എന്നുതന്നെയാണ് വിളിക്കുന്നതും. ആറുവയസ്സുകാരന്റെ പിതാവായ കമലേഷും തന്റെ മകനെ ദൈവത്തിന്റെ അവതാരപ്പിറവിയായാണ് കരുതുന്നത്. ഗണപതിയുടേത് പോലുള്ള കണ്ണുകളാണ് അവനുള്ളതെന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന തല ഗണപതിയെ പോലെയുള്ള രൂപം അവന് നല്‍കുന്നതാണെന്നും കമലേഷ് പറയുന്നു.

ഗ്രാമവാസികള്‍ തന്നെ ആരാധിക്കുന്നത് പ്രാന്‍ഷുവും നന്നായി ആസ്വദിക്കുന്നുണ്ട്. അധ്യാപകര്‍ പോലും തന്നെ ആരാധിക്കുന്നു, സഹപാഠികളാരും തന്റെ രൂപത്തെ കളിയാക്കാറില്ല, ആളുകള്‍ ഗണേശ്ജി എന്ന് വിളിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ബാലന്‍ പറയുന്നു. പ്രാന്‍ഷുവിനെ ഡോക്ടര്‍മാരെ കാണിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്‌തെങ്കിലും രോഗം നിര്‍ണ്ണയിക്കാനോ മതിയായ ചികിത്സ നല്‍കാനോ കഴിഞ്ഞില്ല. പിന്നീടാണ് പ്രാന്‍ഷുവില്‍ ആളുകള്‍ ദൈവത്തിന്റെ അവതാരത്തെ കാണുന്നതും ആരാധന ആരംഭിക്കുന്നതും. ഏതായാലും ഇത് ദരിദ്രമായ പ്രാന്‍ഷുവിന്റെ കുടുംബത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.