ആളെ കൊല്ലുന്ന ഭരണകൂടത്തിന്റെ തീരുമാനം: തലശേരിയില്‍ ആത്മഹത്യ, ആലപ്പുഴയില്‍ കുഴഞ്ഞു വീണ് മരണം

single-img
11 November 2016

 

india

കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറാനെത്തിയ രണ്ട് പേര്‍ ബാങ്കില്‍ മരിച്ചു. കണ്ണൂരില്‍ പണം മാറാനാകാത്തതില്‍ വിഷമിച്ച് ഒരാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആലപ്പുഴയില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരാള്‍ കുഴഞ്ഞ് വീണു മരിച്ചു.

എസ്ബിടിയുടെ തലശേരി ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാനെത്തിയ ഉണ്ണികൃഷ്ണന്‍(48) എന്നയാളാണ് ആത്മഹത്യ ചെയ്തത്. പെരളശേരി മക്രേശേരി സ്വദേശിയായ ഇയാള്‍ പിണറായി കെഎസ്ഇബി സബ്‌സ്‌റ്റേഷനിലെ ഓവര്‍സീയര്‍ ആണ്. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം ബാങ്ക് അധികൃതര്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ ബാങ്കിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് കണ്ടെടുത്തത്.

നോട്ടുകള്‍ അസാധുവാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ബാങ്കിലെത്തി അഞ്ചരലക്ഷം രൂപ പിന്‍വലിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് തലശേരി പോലീസ് അറിയിച്ചു.

ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി ബ്രാഞ്ചിലാണ് നോട്ടുകള്‍ മാറാനെത്തി ബാങ്കിലെ നീണ്ട ക്യൂവില്‍ നിന്നയാളാണ് കുഴഞ്ഞുവീണ് മരിച്ചത്. കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ് (77) മരിച്ചത്. കോഴിക്കോട് എസ്ബിഐ ശാഖയിലും പണം മാറാനെത്തിയ ഒരാള്‍ കുഴഞ്ഞു വീണിരുന്നു. പേരാമ്പ്ര കോടേരിച്ചാല്‍ കക്കറയില്‍ ഗംഗാധധരന്‍ എന്നയാളെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ ആലപ്പുഴയില്‍ നോട്ടുകള്‍ മാറാനെത്തിയ യുവാവിനെ ബാങ്ക് മാനേജര്‍ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫിജില്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.