വിഖ്യാത ഗാനരചയിതാവ് ലിയാനാര്‍ഡോ കോഹന്‍ അന്തരിച്ചു; വിടവാങ്ങിയത് ലോകസംഗീതത്തിലെ അതുല്യപ്രതിഭ

single-img
11 November 2016

 

cohen_leonard_web1-master768

സമകാലിക ഗാനരചയിതാക്കളില്‍ പ്രമുഖനും കനേഡിയന്‍ കവിയും നോവലിസ്റ്റുമായ ലിയാനാര്‍ഡോ കോഹന്‍ അന്തരിച്ചു. എണ്‍പത്തിരണ്ടു വയസ്സുകാരനായ അദ്ദേഹം അന്തരിച്ച വിവരം ഔദ്യോഗിക ഫേസ്ബുക്കിലൂടെ സഹായികളാണ് പുറത്തുവിട്ടത്.

അതേസമയം മരണകാരണം ഇതുവരെയും അറിവായിട്ടില്ല. അദ്ദേഹത്തിന്റെ മകനും ആല്‍ബം നിര്‍മ്മാതാവുമായ ആദം കോഹനും മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ലോസ് ആഞ്ജല്‍സിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു മരണമെന്നും അറിഞ്ഞ വിവരം അനുസരിച്ച് അദ്ദേഹം തന്റെ ഏറ്റവും മികച്ച ആല്‍ബമെന്ന് കരുതുന്ന സംഗീത ആല്‍ബം പൂര്‍ത്തിയാക്കിയതായും ആദം കോഹന്‍ വ്യക്തമാക്കി. അവസാന നിമിഷങ്ങള്‍ വരെയും എഴുത്ത് തുടര്‍ന്ന ലിയാനാര്‍ഡോ തന്നിലെ നര്‍മ്മ ബോധവും നിലനിര്‍ത്തിയിരുന്നു.

അഞ്ച് ദശാബ്ദക്കാലം നീണ്ടുനിന്ന തന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹം ഒരേസമയം സ്‌നേഹത്തെയും ജീവിതത്തെയും കുറിച്ചും ഇച്ഛാഭംഗത്തെയും മഹത്വത്തെയും കുറിച്ചും ഏകാന്തതയെയും ബന്ധങ്ങളെയും കുറിച്ചും യുദ്ധത്തെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം എഴുതി. അദ്ദേഹം എഴുതിയ ഗാനങ്ങളുമായി രണ്ടായിരത്തിലേറെ ആല്‍ബങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യ കാലത്ത് ഫോക്ക്-പോപ്പ് ഗായകര്‍ക്കായി സംഗീത രചന നടത്തിയ ലിയാനാര്‍ഡോ ജൂഡി കോളിന്‍സ്, ടിം ഹാര്‍ഡിന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മുഖ്യമായും എഴുതിയിരുന്നത്.

എന്നാല്‍ പിന്നീട് ജനപ്രീയ സംഗീതത്തിന്റെ വിവിധ തലങ്ങള്‍ നമുക്ക് പരിചയപ്പെടുത്തിയ യു2, ആരെതാ ഫ്രാങ്ക്‌ളിന്‍, ആര്‍ഇഎം, ജെഫ് ബക്ലി, ത്രിഷ ഇയര്‍വുഡ്, എല്‍റ്റണ്‍ ജോണ്‍ എന്നിവര്‍ക്ക് വേണ്ടിയും ഗാനങ്ങള്‍ എഴുതി. ആത്മീയതയും ഭൗതികതയും സമ്മിശ്രമായി ചാലിച്ച് മെഡിറ്റേറ്റീവ് തലത്തില്‍ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഹല്ലേലൂയ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനം. 1984ല്‍ എഴുതിയ ഈ ഗാനം ബോബ് ഡിലന്‍ മുതല്‍ ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് വരെയുള്ളവര്‍ ആലപിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

ഈ ഗാനത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ ഷോകളിലും സൗണ്ട് ട്രാക്കായി ഉപയോഗിക്കപ്പെട്ട ഈ ഗാനം ഒളിംപിക്‌സിലും മറ്റ് പല പൊതുവേദികളിലും ആലപിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍ ടോറി കെല്ലിയും ഹല്ലേലൂയ ആലപിച്ചു.

1967ല്‍ തന്റെ 33-ാം വയസ്സിലാണ് അദ്ദേഹം രചിച്ച ഗാനങ്ങളുമായി ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ലളിതവും ജനപ്രിയവുമായ രീതിയില്‍ ഗിത്താര്‍ കോഡുകളും കീബോര്‍ഡും വായിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

പ്രശസ്തമായ പല ഗാനങ്ങളും എഴുതി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം വര്‍ഷങ്ങളോളം യാതന സഹിച്ചിരുന്നു. സ്വന്തമായി ആകെ പതിനാല് ആല്‍ബങ്ങള്‍ മാത്രമാണ് അദ്ദേഹം തയ്യാറാക്കിയത്. അമേരിക്കയില്‍ ഒരു സംഗീത ആല്‍ബം ആദ്യമായി അഞ്ച് ലക്ഷം കോപ്പി വിറ്റഴിച്ചതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. കരിയറിന്റെ ആദ്യകാലത്ത് രചിച്ച സുസൈന്‍, ബേഡ് ഓണ്‍ എ വൈര്‍ എന്നീ ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ദുര്‍ബലയായ ഒരു സ്ത്രീയുടെ രേഖാചിത്രം വരച്ചു കാട്ടുന്ന സുസൈന്‍ ആത്മീയതയുടെ വിഷാദാത്മകമായ വരികളാണ്. ‘ജലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ ജീസസ് ഒരു നാവികനാണ്’ തുടങ്ങിയ ഇതിലെ വരികള്‍ ആരാധകര്‍ എന്നും നെഞ്ചോട് സൂക്ഷിക്കുന്നവയാണ്.

അഞ്ച് ദശാബ്ദക്കാലത്തെ സംഗീത ജീവിതത്തിനും എട്ട് ദശാബ്ദക്കാലത്തെ ജീവിതത്തിനും വിരാമമിട്ട് കോഹന്‍ വിടപറയുമ്പോള്‍ ആരാധക മനസില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി ഗാനങ്ങളാണ് ബാക്കിവച്ചിരിക്കുന്നത്.