രണ്ടാം മാറാട് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു.

single-img
10 November 2016

20061020003810601
രണ്ടാം മാറാട് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക. കൊളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2012 മുതൽ നടക്കുന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിൽ ആദ്യ വിമുഖത കാട്ടിയ സിബിഐ രണ്ടു മാസം മുൻപാണ് അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന എൽഡിഎഫ് സർക്കാരാണ് ആവശ്യപ്പെട്ടത്. എന്നാൽ ഗൂഢാലോചന മാത്രമായി അന്വേഷിക്കുന്നതിൽ അർഥമില്ലെന്നും ബുദ്ധിമുട്ടുണ്ടെന്നും സിബിഐ ഹൈക്കോടതിയിൽ ആദ്യം നിലപാട് അറിയിക്കുകയായിരുന്നു.

ജസ്റ്റിസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് ഇത് അന്വേഷിച്ചത്. വിപുലമായ ഗൂഢാലോചനയുണ്ടെന്നും സാമ്പത്തിക സ്രോതസും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ഡിആര്‍ഐ, തുടങ്ങിയവയുടെ സംയുക്ത സംഘം അന്വേഷിക്കണമെന്നായിരുന്നു അന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദേശം. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചത്.