ട്രംപിന്റെ ഭരണത്തില്‍ ആശങ്കയുമായി അറബ് ലോകം

single-img
10 November 2016

donald-trump-smiling

ദുബായ്: ഡ്രോണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അറബ് ലോകത്ത് ആശങ്ക. അറബ് രാജ്യങ്ങള്‍ക്ക് എതിരെയുള്ള സൈനിക നടപടികള്‍ക്ക് ട്രംപ് കൂട്ടുനില്‍ക്കുമോ എന്ന സംശയം പലരും ഇതിനകം തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിപരീതമായത് കൊണ്ടും ട്രംപിന് ഭരണ പരിചയമില്ലാത്തതും എതിര്‍പ്പിന് ചിലര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപിനെ സൗദി അറേബ്യ, യു.എ.ഇ. ഭരണാധികാരികള്‍ അനുമോദിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അഭിനന്ദനസന്ദേശം അയച്ചു. ലോകമെങ്ങും പ്രത്യേകിച്ച് അറബ് മേഖലയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും കൊണ്ടുവരാന്‍ ട്രംപിന് കഴിയട്ടെയെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അനുമോദന സന്ദേശത്തില്‍ പറഞ്ഞു. കുവൈത്ത് ഭരണാധികാരിയും ട്രംപിനെ അനുമോദിച്ചു.

ബരാക് ഒബാമയുടെ കാലത്ത് അമേരിക്കയുമായുണ്ടായ നല്ല ബന്ധങ്ങള്‍ക്ക് ട്രംപിന്റെ മുസ്ലിം വിരുദ്ധ മനോഭാവം തടസ്സമാകുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വേളയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് തുടക്കം മുതല്‍ അറബ് മേഖലയെ അസ്വസ്ഥമാക്കിയിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധ സമീപനങ്ങള്‍ തീവ്രവാദി സംഘടനയായ ദായീഷിന് കരുത്തുപകരുമെന്ന് സംശയിക്കുന്നവരും അറബ് മേഖലയിലുണ്ട്.

കലിഫോര്‍ണിയയിലെ കൂട്ട വെടിവെപ്പിനെ തുടര്‍ന്നായിരുന്നു ട്രംപ് മുസ്ലിങ്ങള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. അമേരിക്കയില്‍ മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന ട്രംപിന്റെ പരാമര്‍ശം അറബ് മേഖലയില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയത്. ട്രംപിന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചാണ് ഏതാനും അറബ് രാജ്യങ്ങള്‍ പെട്ടെന്നുതന്നെ പ്രതികരിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റും ദായിഷുമായിരിക്കും ട്രംപിന്റെ കടന്നുവരവില്‍ ആഹ്ലാദിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടിപ്പിച്ച മുസ്ലിം വിരുദ്ധ നിലപാടുകള്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ആവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

ട്രംപ് ജയിച്ചാലും ഹില്ലരി വന്നാലും ഇസ്രായേലിനോടുള്ള അമേരിക്കയുടെ മനോഭാവത്തിലും നിലപാടുകളിലും മാറ്റം ഉണ്ടാവില്ലെന്നാണ് പലസ്തീന്‍ ജനത കരുതുന്നത്. അറബ് വംശജരും ആ വികാരം പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ ട്രംപിന്റെ വിജയം പലസ്തീന്‍ ജനതയ്ക്ക് സന്തോഷം നല്‍കുന്നില്ല. അതേസമയം, റഷ്യയുമായുള്ള ട്രംപിന്റെ മൃദുസമീപനം പലസ്തീന് ഗുണകരമാകുമെന്ന് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. സിറിയയുടെ വിഷയത്തിലും ട്രംപിന്റെ നിലപാടാണ് അറബ് ലോകം കാത്തിരിക്കുന്നത്.