പണമടയ്ക്കാന്‍ ബാങ്കിലെത്തിയ സ്ത്രീ നോട്ടുകള്‍ അസാധുവാക്കിയ വിവരമറിഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

single-img
10 November 2016

 

thirdharji
ഖോരക്പൂര്‍: ഖുഷിനഗറില്‍ ബാങ്കിനു മുന്നില്‍ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ഉത്തരവറിയാതെ ബാങ്കിലെത്തിയ 40കാരിയാണ് മരിച്ചത്.

അലക്കുജോലി ചെയ്തിരുന്ന തിര്‍ഥര്‍ജി എന്ന സ്ത്രീയാണ് മരിച്ചത്. ബാങ്കിലിടാനുള്ള സൗകര്യത്തിന് കയ്യിലുണ്ടായിരുന്ന തുക രണ്ട് 1000 രൂപ നോട്ടുകളായിട്ടായിരുന്നു അവര്‍ കൊണ്ടുവന്നത്. എന്നാല്‍ ബാങ്കിലെത്തിയ ശേഷമാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയെന്നും ബുധനാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നും തിര്‍ഥര്‍ജി അറിയുന്നത്. ഈ വിവരമറിഞ്ഞ ഞെട്ടലിലായിരുന്നു അവരുടെ മരണം. തിര്‍ഥര്‍ജിയുടെ മൃതദേഹത്തിനടുത്ത് രണ്ട് 1000 രൂപ നോട്ടുകളും ബാങ്ക് പാസ്ബുക്കും കിടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരോട് മരിച്ച സ്തീയുടെ വീട് സന്ദര്‍ശിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഖുഷിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കള്ളപ്പണവും കള്ളനോട്ടും തടയാനാണ് ഈ നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.