പോലീസ് സ്‌റ്റേഷന് പുറത്ത് പൊള്ളലേറ്റ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചു; പോലീസ് ചുട്ടുകൊന്നതാണെന്ന് കൂട്ടുകാര്‍

single-img
10 November 2016

 

ചിത്രത്തില്‍ ഇടതുവശത്ത് നില്‍ക്കുന്നതാണ് കൊല്ലപ്പെട്ട താര

ചിത്രത്തില്‍ ഇടതുവശത്ത് നില്‍ക്കുന്നതാണ് കൊല്ലപ്പെട്ട താര

ആക്ടിവിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിനെ ചെന്നൈയിലെ പോണ്ടി ബസാര്‍ പോലീസ് സ്‌റ്റേഷന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ കില്‍പൗക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. വിവിധ എന്‍ജിഒ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന താര എന്ന 28 വയസ്സുള്ള ട്രാന്‍സ്ജന്‍ഡറാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

അതേസമയം താരയെ പോലീസുകാര്‍ ചുട്ടെരിച്ചതാണെന്ന ആരോപണവുമായി കൂട്ടുകാര്‍ രംഗത്തെത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന താരയെ സ്‌റ്റേഷന്‍ പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈയിലെ പ്രശസ്ത എന്‍ജിഒകളായ സഹോദരന്‍, സിനേഗതി തുടങ്ങിയവയ്‌ക്കൊപ്പം ചേര്‍ന്ന് ലിംഗ നീതിക്കായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഇന്നലെ വെളുപ്പിന് നാല് മണിക്കാണ് പോണ്ടി ബസാറില്‍ നിന്നും താരയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈംഗിക തൊഴിലിനായി ഉപഭോക്താക്കളെ തേടിയിറങ്ങിയെന്ന് ആരോപിച്ചായിരുന്നു ഇത്. തെരുവില്‍ വച്ചേ പീഡനം തുടങ്ങിയ പോലീസിനെ ഇവര്‍ ചെറുത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

മൊബൈല്‍ ഫോണും വാഹനത്തിന്റെ താക്കോലും പിടിച്ചെടുത്ത ശേഷമായിരുന്നു ബസാറില്‍ വച്ച് ആക്രമണം തുടങ്ങിയത്. സ്റ്റേഷനിലെത്തിയ ശേഷം സുഹൃത്തുക്കളായ സനയേയും ആതിരയെയും താര ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് താര സുഹൃത്തുക്കളെ അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ സുഹൃത്തുക്കള്‍ എത്തിയെങ്കിലും 95 ശതമാനവും കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.

അതേസമയം താര സ്വയം തീകൊളുത്തി മരിക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് അതെങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് ഉയരുന്നത്. വാഹനത്തിന്റെ താക്കോല്‍ പോലീസ് കസ്റ്റഡിയിലായിരിക്കെ പെട്രോള്‍ എവിടെ നിന്നും ലഭിച്ചുവെന്നും താരയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഗ്ലാഡി മേരി ചോദിക്കുന്നു.

സമാനമായ രീതിയില്‍ കൊച്ചിയിലും പോലീസിന്റെ സദാചാര ഗുണ്ടായിസം നടന്നിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന പൂര്‍ണയും ആയിഷയുമാണ് ആക്രമിക്കപ്പെട്ടത്. താരയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിക്യു(ലെസ്ബിയന്‍, ഗെ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആന്‍ഡ് ക്യൂര്‍) സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലും അഞ്ച് മണിക്ക് എറണാകുളം മറൈന്‍ഡ്രൈവിലുമാണ് കേരളത്തിലെ പ്രതിഷേധങ്ങള്‍.