നോട്ട് അസാധുവാക്കിയ തീരുമാനം; മോഡിക്ക് പിന്നില്‍ അനില്‍ ബോകില്‍ എന്ന സാമ്പത്തിക വിദഗ്ധന്‍

single-img
10 November 2016

 

anil-bokil

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ അസാധുവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രേരണായായത് അനില്‍ ബോകില്‍ എന്ന സാമ്പത്തിക വിദഗ്ധനാണെന്ന് റിപ്പോര്‍ട്ടുകള്‍. പൂനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍ ബോകില്‍.

കള്ളപ്പണവും കള്ളനോട്ടും തുരത്താന്‍ വലിയ കറന്‍സികള്‍ നിരോധിക്കണമെന്ന് ഇദ്ദേഹം ഒരു പ്രബന്ധത്തില്‍ പ്രസ്താവിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 26ന് അനില്‍ ബോകി പ്രധാനമന്ത്രിക്ക് കത്തും അയച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡി പുതിയ തീരുമാനം എടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ഒരു വര്‍ഷം 800 കോടി രൂപ വരെയുള്ള പണമിടപാടുകളാണ് നടക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 95 ശതമാനം 1000, 500, 100 രൂപാ നോട്ടുകളാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ് ബാങ്കിലൂടെ നടക്കുന്നത്, ബാക്കിയെല്ലാം പണമിടപാടാണ്. ഇത് രാജ്യത്ത് നികുതി നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുന്നു. ഈ നോട്ടുകള്‍ അസാധുവാക്കി ബാങ്ക് ഇടപാടുകള്‍ ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ മുഖേനയാക്കിയാല്‍ രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും തടയാന്‍ കഴിയുമെന്നായിരുന്നു അനില്‍ ബോകില്‍ നിര്‍ദ്ദേശിച്ചത്.

രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെയും പ്രേരണയുടെയും കൂടി ബലത്തിലാണ് മോഡി രാജ്യത്ത് 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ അനില്‍ ബോകിലിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.