ചാക്കു കണക്കിന് നോട്ടുകെട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം ഫലിച്ചു

single-img
10 November 2016

 

ഉത്തര്‍പ്രദേശിലെ ബെറെയ്‌ലിയില്‍ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ കത്തിച്ച നിലയില്‍

ഉത്തര്‍പ്രദേശിലെ ബെറെയ്‌ലിയില്‍ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ കത്തിച്ച നിലയില്‍

ബറെയ്‌ലി: ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്ന ഇന്നലെ ചാക്കു കണക്കിന് നോട്ടുകെട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളുടെ കെട്ടുകളാണ് കത്തിച്ചത്.

ഉത്തര്‍പ്രദേശിലെ ബെറെയ്‌ലിയില്‍ നിന്നാണ് കത്തിച്ചു കളഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ചു വച്ചിരുന്ന നോട്ടുകളാണ് കത്തിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ എതിരാളികളെ തളര്‍ത്തുന്നതിനായാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നോട്ടുകള്‍ നിരോധിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ട് നേടാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളാണ് തകര്‍ന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പദ്ധതി മുന്‍കൂട്ടി അറിയാവുന്നതിനാല്‍ ബിജെപിയെ ഇത് കാര്യമായി ബാധിക്കാനുമിടയില്ലെന്നും ഇന്നലെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

burnt-notes_650x400_61478698909

ബെറെയ്‌ലിയിലെ സിബി ഗഞ്ചിലുള്ള പര്‍സ ഖേദ റോഡിലാണ് നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ഒരു കമ്പനിയിലെ ജീവനക്കാര്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുകയായിരുന്നു. ചില നോട്ടുകള്‍ മുറിച്ച നിലയിലും കേടുവരുത്തിയ നിലയിലുമായിരുന്നെന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കി വന്ന കറന്‍സി നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

കത്തിച്ച നോട്ടുകള്‍ കള്ള നോട്ടുകളാണോയെന്നും പരിശോധിക്കുന്നുണ്ടെന്ന് ബെറെയ്‌ലി ജില്ലാ പോലീസ് മേധാവി ജൊഗീന്ദര്‍ സിംഗ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്.