അതിരാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ; എടിഎം കൗണ്ടറുകള്‍ ഇന്നും തുറക്കില്ല

single-img
10 November 2016

 

എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചില്‍ അതിരാവിലെ മുതലുള്ള തിരക്ക്‌

എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചില്‍ അതിരാവിലെ മുതലുള്ള തിരക്ക്‌

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബാങ്കുകള്‍ തുറന്നതോടെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കാനും അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുമായി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ നീണ്ട ക്യൂ ആരംഭിച്ചു. ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ആദ്യമായി ബാങ്കുകള്‍ ഇന്നാണ് തുറക്കുന്നത്.

അതേസമയം എടിഎം കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. രാവിലെ അഞ്ച് മണി മുതല്‍ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തി തുടങ്ങിയിരുന്നു. കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്തെ തന്നെ ഫോമുകള്‍ പൂരിപ്പിച്ച് കാത്തിരിക്കുകയാണ്. മിക്ക ബാങ്കുകളിലും കറന്‍സി മാറ്റി നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.

തലസ്ഥാനത്ത് റിസര്‍വ് ബാങ്കിന് മുന്നിലും അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടുത്തെ ക്യൂ ബാങ്കിന്റെ ഗെയ്റ്റും കടന്ന് പുറത്തെ റോഡിലേക്കെത്തിയിരുന്നു. പഴയ നോട്ട് മാറ്റി ചില്ലറ വാങ്ങാനെത്തിയവരുടെ മാത്രം തിരക്കാണ് ഇവിടെ. അതേസമയം സ്റ്റാച്യുവില്‍ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിടി മെയിന്‍ ബ്രാഞ്ചില്‍ നോട്ട് മാറ്റി വാങ്ങാനെത്തിയവരെ കൂടാതെ പണം പിന്‍വലിക്കാനുള്ളവരുടെ കൂടി തിരക്കായതോടെ വന്‍ ക്യൂ ആണ് അനുഭവപ്പെടുന്നത്.

എടിഎമ്മുകള്‍ നാളെ മുതലേ പ്രവര്‍ത്തിക്കാന്‍ തുടങ്ങൂ എന്നതിനാല്‍ ഇന്ന് ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും മാത്രമേ പണം ലഭ്യമാകൂ.