സഹാപാഠികളില്‍ നിന്നും ലൈംഗികാതിക്രമങ്ങള്‍ വിദ്യാര്‍ത്ഥിനി പഠിപ്പു നിര്‍ത്തി; സാക്ഷര കേരളത്തിന് തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത അപമാനം

single-img
9 November 2016

 

sexual-abuse-2-752x501
മാനന്തവാടി: കേരളത്തില്‍ സ്ത്രീകള്‍ ജീവിക്കുന്നത് ഇനി മുതല്‍ അപമാനഭാരം താങ്ങി കൊണ്ടാവാം. ക്ലാസ് മുറികളിലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ക്ലാസ് മുറിക്കുള്ളില്‍ സഹപാഠികള്‍ അപമാനിക്കാന്‍ ശ്രമിച്ചതു മൂലം ദളിത് വിഭാഗക്കാരിയായ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി. വയനാട് തലപ്പുഴയിലുള്ള എന്‍ജീനിയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരേയൊരു വിദ്യാര്‍ത്ഥിനിയാണ് പഠനം നിര്‍ത്തി വീട്ടിലേക്ക് പോയത്.

അധ്യാപകരില്ലാത്ത സമയത്തു ക്ലാസ് മുറിയില്‍ അശ്ലീലചിത്രപ്രദര്‍ശനവും നടത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ദുരുദ്ദേശത്തോടെ ദേഹത്തു സ്പര്‍ശിക്കുക, അടിക്കുക, ലൈംഗികചേഷ്ടകള്‍ കാട്ടുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ടായി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മകളെ ഇനി ആ കോളജിലേക്ക് അയയ്ക്കില്ലെന്നും ഒരു രക്ഷയില്ലാതായപ്പോഴാണു പരാതിപ്പെട്ടതെന്നും രക്ഷിതാവ് പറഞ്ഞു.

കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്കു ചില സഹപാഠികള്‍ ക്ലാസ് മുറിയിലെത്തി ഉപദ്രവിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി ക്ലാസ് ചുമതലയുള്ള അധ്യാപകനെ സമീപിച്ച് കാര്യം പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള ഒരു ആണ്‍കുട്ടിയുടെ രക്ഷിതാവിനെ അധ്യാപകന്‍ ഫോണില്‍ വിവരമറിയിച്ചു. പരാതിക്കാരിക്കു പ്രതിയുടെ രക്ഷിതാവുമായി സംസാരിക്കാന്‍ ഫോണ്‍ കൈമാറിയതായും ആക്ഷേപമുണ്ട്. പരാതി കൊടുക്കരുതെന്ന് ആ രക്ഷിതാവ് കരഞ്ഞുപറഞ്ഞതിനാല്‍ അവരുടെ മകന്റെ പേര് തല്‍കാലം പുറത്തുവന്നില്ല.

പിറ്റേന്നും ഉപദ്രവം തുടര്‍ന്നപ്പോള്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം നടത്തി പി. അജില്‍കൃഷ്ണ, പി. അഖില്‍, എ.ആര്‍ രോഹിത് എന്നീ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികചൂഷണത്തിനും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തു. തലപ്പുഴ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയടുത്ത് കേസ് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി. സ്‌ക്വാഡ് ഡിവൈ.എസ്.പി. അവധിയിലായതിനാല്‍ മാനന്തവാടി എഎസ്പിയാണു കേസ് അന്വേഷിക്കുന്നത്.

വിവരമറിഞ്ഞ് കോളജിലെ വനിതാ സെല്‍ പെണ്‍കുട്ടിയില്‍നിന്നും ഹോസ്റ്റലില്‍ ഒപ്പമുള്ള സഹപാഠികളില്‍നിന്നും മൊഴിയെടുത്തു. ക്ലാസിലെ ഉപദ്രവം പെണ്‍കുട്ടി തങ്ങളോടു പറഞ്ഞിരുന്നതായി ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയില്‍നിന്നു വിശദമായ മൊഴിയെടുത്തപ്പോഴാണ് ഒരു പ്രതിയുടെ രക്ഷിതാവ് മകന്റെ പേരു പറയരുതെന്ന് അപേക്ഷിച്ച വിവരം വെളിപ്പെട്ടത്. ഇതേത്തുടര്‍ന്നു മൂന്നാമനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. പെണ്‍കുട്ടി മാനസികവും ശാരീരികവുമായ ചൂഷണത്തിനിരയായെന്നു കോളജിലെ വനിതാ സെല്‍ കഴിഞ്ഞ അഞ്ചിന് അധികൃതര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയില്‍നിന്നു മജിസ്‌ട്രേറ്റ് മൊഴിയെടുത്തു.