നിയമലംഘനം നടത്തിയ ആയിരത്തിലേറെ ടാക്‌സികള്‍ പിടികൂടി; പിടികൂടിയത് മലയാളികള്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള ടാക്‌സികള്‍

single-img
9 November 2016

 

makkah_20141207_012

മക്ക: നിയമലംഘനം നടത്തിയ ടാക്‌സികള്‍ പിടികൂടി. അമീര്‍ ഖാലിദ് അല്‍ ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റോഡ് സുരക്ഷാ ക്യാമ്പയിനിലാണ് ടാക്‌സികള്‍ പിടിയിലായത്. 15 ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ക്യാമ്പയിയിനിലാണ് നിയമലംഘനം നടത്തിയ 1385 ടാക്സികള്‍ പിടികൂടിയത്. പിടികൂടിയവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഓടിക്കുന്ന ടാക്‌സികളും ഉള്‍പ്പെടുന്നുവെന്നാണ് സൂചന.

സ്വദേശികളും വിദേശികളുമായ വഴിയാത്രക്കാരുടെ ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ടാക്‌സി ഡ്രൈവര്‍മാരെ ബോധവത്കരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി മക്ക പോലീസിന്റെ നേതൃത്വത്തില്‍ റിയാദ്, ജിദ്ദ, താഇഫ് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നടന്ന് വരികയാണ്.

നിയമ ലംഘനം നടത്തുന്നവരെ തുടര്‍ന്നും പിടികൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പോലീസ് മക്ക അമീറിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മനുഷ്യ ജീവന് ഭീഷണിയാം വിധം അമിത വേഗതയിലും അശ്രദ്ധമായും വണ്ടി ഓടിക്കുക, റോഡ് നിയമങ്ങള്‍ ലംഘിക്കുക, മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വാഹനം നിര്‍ത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ക്യാമ്പയിനില്‍ പിടികൂടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിഴവ് വരുത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്നും പിഴവുകള്‍ പരിഹരിച്ചതിന് ശേഷമേ വാഹനം വിട്ട് കൊടുക്കാവൂ എന്നും അമീറിന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ട്. ക്യാമ്പയിന്റെ റിസള്‍ട്ട് സംബന്ധമായി സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പോലീസിന് നിര്‍ദ്ദേശമുണ്ട്.