കൊച്ചി കണ്ടവന് അച്ചി വേണ്ട; പണം മാറ്റാന്‍ കൊച്ചിയിലും കച്ചറ; സാധാരണക്കാര്‍ ദുരിതത്തില്‍

single-img
9 November 2016

 

india

കൊച്ചി: മോട്ടോര്‍ വാഹന പണിമുടക്കും ബാങ്ക് അവധിയും ഒരുമിച്ചെത്തിയതോടെ കൊച്ചിയില്‍ ചില്ലറ നോട്ട് ശേഖരിക്കാന്‍ ജനം നെട്ടോട്ടമോടുന്നു. നഗരത്തില്‍ രാവിലെ മുതല്‍ ഭൂരിഭാഗം പട്രോള്‍ പമ്പുകളും അടഞ്ഞു കിടക്കുകയാണ്. ഇതോടെ ഇന്ധനം നിറച്ച് നിരോധിച്ച നോട്ടുകള്‍ ചില്ലറയാക്കാന്‍ എത്തിയവര്‍ക്ക് തിരിച്ചടിയായി. പെട്രോള്‍ പമ്പുകളില്‍ തിരക്കേറിയതോടെ പലരും ഇന്നലെ രാത്രി തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കയ്യിലുള്ള 1000, 500 രൂപ നോട്ടുകള്‍ ചില്ലറയാക്കാനുള്ള എളുപ്പവഴിയായി മിക്കവരും പട്രോള്‍ പമ്പുകളെ സമീപിച്ചതോടെയാണ് പമ്പുകള്‍ അടച്ചിടാന്‍ കാരണമായത്. ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ജനം കൂട്ടത്തോടെ എത്തിയത് ഇവിടെയും ചില്ലറ നോട്ടുകളുടെ ക്ഷാമത്തിന് ഇടയാക്കി. നിലവില്‍ ടിക്കറ്റിന് ചില്ലറ തരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. രാവിലെ തന്നെ സ്റ്റേഷനില്‍ എത്തിയ വിരുതന്‍ന്മാര്‍ ചെറിയ യാത്രയ്ക്ക് ടിക്കറ്റെടുത്ത് ചില്ലറ മാറിയെടുക്കുകയായിരുന്നു. ഇപ്പോള്‍ നൂറു രൂപയുമായി വരുന്നവര്‍ക്കുമാത്രമേ ടിക്കറ്റ് നല്‍കുന്നുള്ളു. ചില്ലറ ക്ഷാമം ഉണ്ടായതോടെ തിരുവനന്തപുരത്ത് യാത്രക്കാര്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ബഹളം വച്ചു.

കട കമ്പോളങ്ങളിലെ പ്രവര്‍ത്തനവും രാവിലെ മുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. പല സ്ഥാപനങ്ങളും പുതിയ തീരുമാനത്തിന് പിന്നാലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളോ, നൂറു രൂപയില്‍ താഴെ പണമുള്ളവര്‍ക്കും മാത്രമാണ് സാധനങ്ങള്‍ വില്‍പ്പന നടത്തായത്. വ്യാപാരസ്ഥാപനങ്ങള്‍ ഈ നിലപാട് സ്വീകരിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല.

പലയിടത്തും ഇന്നലെ അര്‍ദ്ധരാത്രിക്ക് മുമ്പുതന്നെ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്ത പുറത്തെത്തി മിനിറ്റുകള്‍ക്കുള്ളില്‍ എടിഎമ്മുകള്‍ക്ക് മുന്നിലും കാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ക്ക് മുന്നിലും നീണ്ട നിരയാണ് രൂപപ്പെട്ടത്. എടിഎമ്മുകളില്‍ ഒരാള്‍ തന്നെ പല ഇടപാടുകള്‍ക്കു ശേഷമാണ് അടുത്തയാള്‍ക്കുവേണ്ടി മാറിക്കൊടുത്തത്. സിഡിഎമ്മുകളിലും സമാനമായ കാഴ്ചയായിരുന്നു. പണം പിന്‍വലിക്കാന്‍ ഏറെപ്പേര്‍ എത്തിയതോടെ ഇന്നലെ രാത്രി തന്നെ എടിഎമ്മും കാലിയായിരുന്നു. പരിഭ്രാന്തി വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ ആശങ്കയ്ക്ക് ഇതുവരെ കുറവു വന്നിട്ടില്ല. സാധാരണക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതം.