വിവാദങ്ങള്‍ കാറ്റില്‍ പറത്തി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അമരത്തേക്ക്; ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളും പിടിച്ചെടുത്തു

single-img
9 November 2016

 

donald-trump
വാഷിംഗ്ടണ്‍: വിവാദങ്ങള്‍ കത്തി ജ്വലിച്ചിരുന്നെങ്കിലും അമരിക്കയുടെ 45-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 276 ഇലക്ടറല്‍ വോട്ടുകളോടെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെയാണ് ട്രംപ് പിന്തള്ളിയത്. ഹിലരി 218 വോട്ടുകള്‍ നേടി. 575 രാപ്പകലുകളാണ് പ്രചരണത്തിനുണ്ടായിരുന്നത്. ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളും ഈ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കുകള്‍ പിടിച്ചെടുത്തു.

പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മൈക്ക് പൈന്‍സാണ് വൈസ് പ്രസിഡന്റ്.

നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, യോമിംഗ്, നെബ്രസ്‌കന്‍സാസ്, ഒകലഹോമ, ടെക്‌സാസ്, അര്‍ക്കനാണ്, ലൂസിയാന, മിസ്സിസ്സിപ്പി, അലബാമ, ടെന്നസ്സി, കെന്റുക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറി. ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, കണക്ടികട്ട്, വെര്‍മോണ്ട്, റോഡ് ഐലന്റ്, മസാച്ചുസ്സാറ്റ് എന്നിവിടങ്ങളില്‍ ഹിലാരിക്കാണ് മുന്‍തൂക്കം ലഭിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഡൊണാള്‍ഡ് ട്രംപാണ് മേധാവിത്വം പുലര്‍ത്തിയിരുന്നത്. ഇടയ്ക്ക് ഹിലരി മുന്നില്‍ കയറിയെങ്കിലും അത് അല്‍പ സമയം മാത്രമേ നിന്നുള്ളൂ. 197 ഇലക്ട്രല്‍ വോട്ടുമായി ഹിലരി മുന്നേറിയപ്പോള്‍ വിജയപ്രതീക്ഷ തോന്നിയെങ്കിലും ഉടന്‍ തന്നെ ലീഡ് തിരിച്ചുപിടിച്ച് ട്രംപ് മേധാവിത്വം ഉറപ്പിച്ചു. ആറ് സ്വിംഗ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. നിര്‍ണായകമായ ഒഹായോയിലും ഫ്‌ളോറിഡയിലും ട്രംപ് വിജയം നേടി. പോപ്പുലര്‍ വോട്ടിലും ട്രംപാണ് മുന്നില്‍.
ലോക രാഷ്ട്രങ്ങളുടെ നായകസ്ഥാനത്ത് നില്‍ക്കുന്ന യുഎസിലെ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് ലോകജനത ഉറ്റുനോക്കിയിരുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ 45ാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 20 കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.