പുതിയ നോട്ടുകള്‍ നാനോ ചിപ്പുകള്‍ പിടിപ്പിച്ചവയെന്നത് കള്ള പ്രചരണം; പ്രധാനമന്ത്രിക്ക് പ്രശംസ പിടിച്ചുപറ്റാനുള്ള മറ്റൊരു നീക്കം

single-img
9 November 2016

 

2000_note_1478666547569
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുതുതായി ഇറക്കിയ നോട്ടുകളില്‍ അത്യാധുനിക നാനോ ടെക്‌നോളജി ഉപയോഗിച്ചു നിര്‍മിച്ച ‘നാനോ GPS ചിപ്പ് ‘ അഥവാ NGC ഘടിപ്പിച്ചിരിക്കുന്നു എന്നും വളരെ നേര്‍ത്ത ഐറ്റം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക അസാധ്യം എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഇന്നലെ മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണെന്നാണ് പറയുന്നത്.

ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പ്രചാരം ലഭിച്ചു. ഇന്നലെ തന്നെ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും ചിത്രങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു. ഇതോടെ 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്.

മറ്റു സാധാരണ GPS ട്രാക്കിംഗ് സംവിധാനങ്ങള്‍ പോലെ അല്ല ഈ ചിപ്പുകള്‍. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ല. ഇവയില്‍ നിന്നും ഒരു സിഗ്‌നലും പുറത്തേക്കു വരുന്നില്ല. എന്നാല്‍, ഒരു കണ്ണാടി പോലെ വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു. അതായത്, ഒരു ട്രാക്കിംഗ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കില്‍ ഉപകരണം ഉണ്ടെങ്കില്‍, ഉപഗ്രഹത്തില്‍ നിന്നും ഉള്ള സിഗ്‌നല്‍ ഇതില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍, കൂടെ നോട്ടിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി അറിയാന്‍ സാധിക്കും. കൃത്യമായിട്ടുയുള്ള സ്ഥലവും കണ്ടെത്തും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കുവാന്‍ സാധിക്കുകയില്ല എന്നിങ്ങനെയാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

new-note

ഏകദേശം 120 മീറ്റര്‍ വഴെ ആഴത്തില്‍ ഉപഗ്രഹങ്ങള്‍ക്ക് സിഗ്‌നല്‍ എത്തിക്കാന്‍ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകള്‍ പൂഴ്ത്തി വെക്കുക അസാധ്യം ആണെന്ന് സാരം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ വേറെ എവിടെയെങ്കിലും വന്‍തോതില്‍ ഈ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിനെ ഉടനടി അക്കാര്യം അറിയിക്കാനും മേല്‍നടപടി എടുക്കാനും സാധ്യത ഏറെയാണ് എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇതെല്ലാം അനൗദ്യോഗിക പ്രചരണം മാത്രമാണ്. സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇത്തരമൊരു കാര്യം അവകാശപ്പെട്ടിട്ടുമില്ല. അതേസമയം റിസര്‍വ് ബാങ്ക് പറയുന്നത് പുതിയ നോട്ടുകള്‍ ഇറക്കുന്നുവെന്ന് മാത്രമാണ്. അതിനൊപ്പം പുതിയ നോട്ടുകളുടെ പ്രത്യേകത പറയുന്നതില്‍ എന്‍ജിസിയെ കുറിച്ച് പറയുന്നതേയില്ല.