കറന്‍സിനോട്ടുകള്‍ പിന്‍വലിച്ചതില്‍ അമ്പരപ്പ് മാറാതെ പ്രവാസികളും; നാട്ടിലേക്കുള്ള പണമിടപാടുകള്‍ തല്‍ക്കാലം അനിശ്ചിതത്വത്തിലാകും

single-img
9 November 2016

 

rs-2000-note

ദുബായ്: കറന്‍സിനോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം അമ്പരപ്പോടെയാണ് പ്രവാസികള്‍ കേട്ടത്. നാട്ടിലേക്കുള്ള പണമിടപാടുകള്‍ തല്‍ക്കാലം അനിശ്ചിതത്വത്തിലാവുമെന്ന അഭിപ്രായത്തിലാണ് മിക്കവരും.

ബാങ്കുകള്‍ വഴിയും ധനവിനിമയ സ്ഥാപനങ്ങള്‍ വഴിയുമാണ് ഗള്‍ഫ് നാടുകളില്‍നിന്ന് കാര്യമായി പണം ഇന്ത്യയിലേക്ക് ഒഴുകിയിരുന്നത്. അതേസമയം, സമാന്തരമായി പണം നാട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും ഗള്‍ഫ് നാടുകളില്‍ വ്യാപകമാണ്. പല ഇടപാടുകളിലും കള്ളപ്പണത്തിന്റെ വിനിമയവും ഉണ്ടായിരുന്നു. ‘ഹുണ്ടികസംഘങ്ങള്‍’ എന്ന പേരിലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ വ്യാപാരം തല്‍ക്കാലത്തേക്കെങ്കിലും നിലയ്ക്കും

അതേസമയം, ഇനി ഇന്ത്യയിലെ ബാങ്കുകളില്‍ ഒരാഴ്ചത്തേക്കെങ്കിലും നോട്ട് മാറ്റല്‍ പ്രവര്‍ത്തനമായിരിക്കും ഏറെയും നടക്കുന്നതെന്നതിനാല്‍ പ്രവാസികളുടെ പണമിടപാടുകള്‍ വൈകുമെന്നും സംശയിക്കപ്പെടുന്നു. എന്നാല്‍, ഗള്‍ഫ് നാടുകളിലെ മിക്ക സാമ്പത്തികവിദഗ്ധരും ഇത് നല്ല നീക്കമായാണ് നിരീക്ഷിക്കുന്നത്. കള്ളപ്പണത്തിന്റെയും പണത്തിന്റെ അനധികൃത ഇടപാടിന്റെയും തോത് കുറയ്ക്കാന്‍ പുതിയ തീരുമാനംകൊണ്ട് സാധിക്കുമെന്ന് എല്ലാവരും പറയുന്നു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി റദ്ദുചെയ്ത നടപടി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഡ് വഴിയുള്ള ധനവിനിമയത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചിന്റെ പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടെന്ന ആശയം ജനകീയമാവുന്നതോടെ കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് കൂടുതല്‍ സാധ്യത കൈവരിക്കാന്‍ കഴിയും. ഇതിലൂടെ കള്ളപ്പണ ഇടപാടുകള്‍ പലതും തടയാന്‍ സാധിക്കും.

കള്ളപ്പണ ഇടപാടുകളില്‍ അധികവും നടക്കുന്നത് വലിയ കറന്‍സികളായ ആയിരവും അഞ്ഞൂറും ഉപയോഗിച്ചാണ്. അഴിമതിപ്പണവും കള്ളപ്പണവും കൂടുതലും വലിയ നോട്ടുകളിലാവും സൂക്ഷിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് മുന്‍പായി ബാങ്കുകളില്‍നിന്നുമാത്രമേ വലിയ കറന്‍സികള്‍ക്ക് തത്തുല്യമായ പണം ലഭിക്കുകയുള്ളൂ. കള്ളപ്പണമുള്ളവര്‍ക്ക് അതിന്റെ ഉറവിടം ബാങ്കില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂഴ്ത്തിവെച്ച മുഴുവന്‍ പണവും അസാധുവായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രവാസികളുടെയും കൈവശം ചെറുതും വലുതുമായ ഇന്ത്യന്‍ കറന്‍സികളുടെ ശേഖരമുണ്ട്. നാട്ടില്‍നിന്ന് വരുമ്പോള്‍ കൈവശം വെക്കുന്ന ഈ പണം നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാനായി കരുതുന്നതാണ് എല്ലാവരും. ഡിസംബര്‍ മുപ്പതിനുമുമ്പ് ഇവ എങ്ങനെ ഇന്ത്യയിലെത്തിച്ച് മാറ്റിയെടുക്കാനാവുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. അത്തരം തുക മാറ്റിക്കൊടുക്കാനുള്ള സംഘങ്ങളും ഉടന്‍ രംഗത്തെത്തുമെന്ന അനുമാനത്തിലാണ് കുറേപേര്‍.