കലക്കവെള്ളത്തില്‍ മീന്‍പിടിത്തം; ആയിരം രൂപ നോട്ട് കൊടുത്താല്‍ കിട്ടുന്ന തൊള്ളായിരം രൂപ

single-img
9 November 2016

 

rupee-650_650x400_41473345747

ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനം സാധാരണക്കാരായ ജനങ്ങളെ അങ്കലാപ്പിലാക്കിയെങ്കിലും കള്ളപ്പണക്കാരെ അത് അത്രത്തോളം ബാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, ഇന്നലെ രാത്രി മുതല്‍ തന്നെ രാജ്യത്തുടനീളം പുതിയ ഒരു മാഫിയ വിഭാഗവും ഉടലെടുത്തു കഴിഞ്ഞു. അതാണ് നോട്ട് മാഫിയ. പുതിയ തീരുമാനത്തിന്റെ മറവില്‍ കേവലം ദിവസങ്ങള്‍ക്കകം തന്നെ കോടിക്കണക്കിന് രൂപ സമ്പാദിക്കാമെന്നാണ് ഈ നോട്ട് മാഫിയകള്‍ കണക്കു കൂട്ടുന്നത്.

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പുകളിലും മറ്റും ഈ മാഫിയകള്‍ ഇന്നലെ മുതലേ സജീവമായിട്ടുണ്ട്. കൈവശമിരിക്കുന്ന ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും മറ്റും എത്തിച്ച് ചില്ലറയാക്കാമെന്ന് പറയുന്നുണ്ടെങ്കിലും എടിഎമ്മുകളും ബാങ്കുകളും രണ്ട് ദിവസത്തേക്ക് തുറക്കാത്തതാണ് ജനങ്ങളെ കുഴപ്പത്തിലാക്കുക. ഈ അവസരമാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. അടിയന്തര ആവശ്യത്തിന് ചില്ലറ വേണ്ടിവരുന്നവരെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.

note-crap1

വഡോദരയില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍

വഡോദരയില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍

ചില പെട്രോള്‍ പമ്പുകളുടെ പരിസരങ്ങളില്‍ ഇന്നലെ കണ്ട ചില കാഴ്ചകള്‍ ഇങ്ങനെയാണ്. ആയിരം രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് തൊള്ളായിരം രൂപ നല്‍കും. നൂറ് രൂപയില്‍ കുറവു വന്നെങ്കിലും താല്‍ക്കാലിക ആവശ്യം നടക്കണമെന്നതിനാല്‍ സാധാരണക്കാരന്‍ അതിന് തയ്യാറാകുകയും ചെയ്യും. ഇത്തരത്തില്‍ ചില്ലറ നോട്ടുകള്‍ കൈവശമിരിക്കുന്നവര്‍ ആവശ്യക്കാര്‍ക്ക് തുക കുറച്ച് കൊടുക്കുക വഴി വന്‍ കൊള്ളയാണ് നടത്തുന്നത്. അതേസമയം ഡിസംബര്‍ 31 വരെ വന്‍ തുകയുടെ നോട്ടുകള്‍ മാറിയെടുക്കാമെന്നാണ് ഈ മാഫിയകള്‍ ലക്ഷ്യമിടുന്നത്.

ഇത് പെട്ടെന്നുണ്ടായ തീരുമാനമായതിനാല്‍ ജനം അങ്കലാപ്പിലാണ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകുമെന്നതിനാല്‍ അടുത്തയാഴ്ചയോടെ ഈ അങ്കലാപ്പ് ഒഴിവാകും. ഈ ആഴ്ചയില്‍ ബാക്കിയുള്ള ദിവസങ്ങള്‍ തള്ളിനീക്കാന്‍ വലിയ നോട്ടുകള്‍ കൈവശം വച്ചിരുന്നവരാണ് ഈ മാഫിയകളുടെ ഇരകളാകുന്നതും. ഇന്നലെ രാത്രി പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോള്‍ അടിച്ച് ചില്ലറ നേടാന്‍ ശ്രമിച്ച പലര്‍ക്കും പമ്പ് ജീവനക്കാര്‍ 100 രൂപ കുറച്ചാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഗുജറാത്തിലെ ഭൗരൂചില്‍ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍

ഗുജറാത്തിലെ ഭൗരൂചില്‍ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍

note-crap3

കൂടാതെ ഇന്നലെ രാജ്യത്തിന്റെ പലയിടങ്ങളിലും ടെക്‌സ്റ്റൈല്‍ ഷോപ്പുകളും ജ്വല്ലറികളും മറ്റ് ആര്‍ഭാഢ വസ്തു വില്‍പ്പനശാലകളും അര്‍ദ്ധരാത്രി മുഴുവന്‍ തുറന്നിരിക്കുകയായിരുന്നു. വലിയ തുകകള്‍ കൈവശം സൂക്ഷിച്ചുവച്ചിരുന്നവര്‍ ഈ തുകകള്‍ ചെലവാക്കാനായി ഇത്തരം വില്‍പ്പനശാലകളിലെത്തി അവ ചെലവാക്കുകയായിരുന്നു. അതേസമയം സാമ്പത്തിക അടിയന്തരാവസ്ഥ കണക്കിലെടുത്ത് പല വസ്തുക്കള്‍ക്കും നിലവിലുള്ള വിലയേക്കാള്‍ വളരെ കൂടിയ വിലയാണ് ഈടാക്കിയത്. സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപ ഇന്ന് കൂടിയതും ഈ സാഹചര്യത്തില്‍ കണക്കിലെടുക്കേണ്ടത്.

ചുരക്കത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിച്ച് ഇന്നലെ രാത്രിയിലെ തീരുമാനത്തിന്റെ മറവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് നോട്ട് മാഫിയയുടെ കൈകളില്‍ എത്തിച്ചേര്‍ന്നത്.