വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ നടത്തിയത് അതീവ ഗുരുതരമായ വനംകയ്യേറ്റം

single-img
9 November 2016

 

jacob-thomas

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബ് തോമസ് നടത്തിയത് ഗുരുതരമായ വനംകയ്യേറ്റമാണെന്ന് കണ്ടെത്തി. പരിസ്ഥിതി ലോല പ്രദേശമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വനം കയ്യേറിയതും 2600 ക്യൂബിക് മീറ്റര്‍ തടി ഒറ്റയടിക്ക് അവിടെ നിന്നും വെട്ടിവിറ്റതുമാണ് ഡെയ്‌സിക്കെതിരെയുള്ള കുറ്റങ്ങള്‍. 1993-94ല്‍ നടന്ന കുറ്റകൃത്യത്തില്‍ ഡെയ്‌സി ഒന്നാം പ്രതിയാണ്.

1990ല്‍ മംഗലാപുരം ഹനുമാന്‍ ടുബാക്കോ കമ്പനി ഉടമ യുഎസ് നായിക്കില്‍ നിന്നും കൈവശമാക്കിയ 151.03 ഏക്കര്‍ സ്ഥലത്തു നിന്നുമാണ് തടി വെട്ടിയത്. അന്ന് രണ്ട് കോടി രൂപയാണ് വനംവകുപ്പ് ഇതിന് മതിപ്പുവിലയിട്ടത്. ഇതേ തുടര്‍ന്നാണ് കുടത് ഭഗണ്ഡല പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. തടിവിറ്റ ഡെയ്‌സി 1999 ഫെബ്രുവരി 19നും വാങ്ങി പി സി അസൈനാര്‍ 2000 സെപ്തംബര്‍ 25നും കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. കോപാട്ടി റിസര്‍വ് വനത്തിന്റെ ഭാഗമായ അതീവ പരിസ്ഥിതി ലോല പ്രദേശമാണ് ഡെയ്‌സിയുടെ കൈവശമുള്ളത്.

കയ്യേറിയ വനഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ ഉത്തരവിന്റെ ഒന്നാം പേജ്‌

കയ്യേറിയ വനഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ ഉത്തരവിന്റെ ഒന്നാം പേജ്‌

നിരവധി കേസുകള്‍ നിലനില്‍ക്കുന്ന ഈ വനഭൂമി കൈവശപ്പെടുത്തിയതാണെന്നും തിരിച്ചുനല്‍ണമെന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 27ന് മടിക്കേരി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ നൂറ് പേജ് വരുന്ന ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ മുന്‍ രേഖകളിലും ഇവിടം അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂര്‍ഗ് ജില്ല പുറത്തിറക്കിയ ഗസറ്റിന്റെ 20ആം വോള്യത്തില്‍ ആറാം നമ്പരിന്റെ ഒന്നാം ഭാഗത്തില്‍ 38 മുതല്‍ 43 വരെയുള്ള പേജുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1901ലെ ഫോറസ്റ്റ് സെറ്റില്‍മെന്റ് മാപ്പിലും ഇവിടം നിബിഡ വനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അതിക്രമിച്ചു കടക്കല്‍(വകുപ്പ് 447), വഞ്ചന (468), തെളിവ് നശിപ്പിക്കല്‍ (201) എന്നിവയ്ക്ക് പുറമെ കര്‍ണാടക വനനിയമം 24-ാം വകുപ്പും കര്‍ണാടക വനചട്ടങ്ങള്‍ പ്രകാരവും എടുത്ത കേസില്‍ പ്രതി വനിതയായതിനാലും ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട കുറ്റങ്ങള്‍ ചെയ്തിട്ടില്ലാത്തതിനാലുമാണ് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേരളത്തിലും കര്‍ണാടകത്തിലുമായി കച്ചവടം നടത്തുന്ന അസൈനാര്‍ക്ക് കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ രണ്ടാം പ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ണാടകയിലെ ഒരു മുന്‍ എംഎല്‍സിയും അദ്ദേഹത്തിന്റെ മകന്‍ കൂടിയായ മുന്‍ കര്‍ണാടക അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എന്നിവരാണ് ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നത്.

അനധികൃതമായി തടി വെട്ടിവിറ്റതിന് പിഴയായി 1.57 കോടി അടയ്ക്കാന്‍ മടിക്കേരി സിവില്‍ കോടതി പ്രതികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പണം നല്‍കിയതായി സൂചനയില്ല. അനധികൃതമായി കൈവശം വച്ചിരിക്കുന്ന വനഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 1999ല്‍ വനംവകുപ്പ് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെയ്‌സി ജേക്കബ് തോമസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബഞ്ചും തള്ളിയിട്ടുണ്ട്. ഈ സ്ഥലത്തു നിന്നും പ്രതിവര്‍ഷം 25 ലക്ഷം രൂപ ആദായം ലഭിക്കുന്നതായി നേരത്തെ ജേക്കബ് തോമസും വെളിപ്പെടുത്തിയിട്ടുണ്ട്.