ആശുപത്രി അധികൃതര്‍ ചോദിച്ച പണമുണ്ടായില്ല; ഭാര്യയുടെ മൃതദേഹവുമായി രാമലു ഉന്തുവണ്ടി തള്ളിയത് 24 മണിക്കൂര്‍

single-img
7 November 2016

 

ramulu-kavitha-jpg-image-470-246
തെലങ്കാന: ആശുപത്രി അധികൃതര്‍ ചോദിച്ച പണം കയ്യിലില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവുമായി 60 കിലോ മീറ്റര്‍ സഞ്ചരിച്ച വൃദ്ധന്റെ കഥ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നു. ഹൈദരാബാദ് നഗരത്തിലെ ക്ഷേത്രപരിസരത്തു ഭിക്ഷ യാചിച്ചു വന്ന രാമുലു(53) ആണ് ഭാര്യ കവിത(46)യുടെ മൃതദേഹവുമായി 24 മണിക്കൂര്‍ സഞ്ചരിച്ചത്.

കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹവുമൈയി ഉന്തുവണ്ടിയിലാണ് സഞ്ചരിച്ചത്. തുടര്‍ന്ന് റോഡരികില്‍ തളര്‍ന്നുവീണ രാമലുവിനെ കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭാര്യ കവിതയും കുഷ്ഠരോഗ ബാധിതയായിരുന്നു.

നഗരത്തിലെ റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് കവിത മരിച്ചത്. സ്വദേശമായ സങ്കാറെഡ്ഡി ടൗണിലേക്ക് മൃതദേഹം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 5000 രൂപയാണ് രാമുലുവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപപോലും തികച്ചെടുക്കാനില്ലാത്തതിനാല്‍ മൃതദേഹം ഉന്തുവണ്ടിയിലാക്കി രാമലു നടത്തം ആരംഭിച്ചു. തുടര്‍ന്ന് രാത്രിയില്‍ ഇദ്ദേഹത്തിന് വഴി തെറ്റുകയും 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ടൗണായ വികാരാബാദില്‍ എത്തിച്ചേരുകയുമായിരുന്നു.

ഇവരുടെ ദൈന്യാവസ്ഥ കണ്ട് വഴിയാത്രക്കാരില്‍ ചിലര്‍ പണമെറിഞ്ഞ് നല്‍കുമ്പോള്‍ രാമുലു നിലവിളിക്കുന്നത് വിഡിയോയില്‍ കാണാം. പ്രിയതമയുടെ മൃതദേഹവുമായി വഴിയരികില്‍ പൊട്ടിക്കരഞ്ഞ വൃദ്ധന്റെ കഥ മാനവികത നഷ്ടപ്പെട്ട സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടു പോകേണ്ടിവന്ന ധാന മാഞ്ചിയുടെ അനുഭവത്തിന് പിന്നാലെയാണ് രാമലുവിന്റെയും അനുഭവം.