അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖര്‍ക്കും മര്‍ഡോക്കിനുമൊപ്പം ചേരുന്നു; രാജീവിന്റെ ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വം

single-img
2 November 2016

arnab-l-twitter-620x413

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവിന്റെയും എക്കണോമിക് ടൈംസ് നൗവിന്റെയും എഡിറ്റര്‍ ഇന്‍ ചീഫ് പദവി രാജിവച്ചത് ബിജെപി എംപിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനും അമേരിക്കന്‍ മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കുമായി ചേര്‍ന്ന് പുതിയ ചാനല്‍ തുടങ്ങാനെന്ന് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷമായി ടൈംസ് നൗ ചാനലില്‍ വഹിക്കുന്ന പദവിയില്‍ നിന്നാണ് ഇന്നലെ നടന്ന എഡിറ്റോറിയല്‍ മീറ്റിംഗില്‍ ഒഴിയുന്നതായി അര്‍ണാബ് പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി രാത്രി ഒമ്പത് മണിക്ക് അര്‍ണാബ് അവതരിപ്പിക്കുന്ന ന്യൂസ് അവര്‍ ചര്‍ച്ചയാണ് ചാനലിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നത്. ഏറെ വിവാദങ്ങളും ഈ പരിപാടി സൃഷ്ടിച്ചിരുന്നു. അതേസമയം ചാനലിലെ മുഴുവന്‍ എഡിറ്റോറിയല്‍ അംഗങ്ങളുടെയും ഒത്തൊരുമയോടെയുള്ള പരിശ്രമത്തിന്റെ പ്രതിഫലനമാണ് ന്യൂസ് അവര്‍ എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അര്‍ണാബ് പറഞ്ഞത്.

അടുത്തിടെ പാകിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അര്‍ണാബിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറും അര്‍ണാബും ഒന്നിക്കേണ്ടത് ബിജെപിയുടെ ആവശ്യവുമാണ്. ബിജെപിയോട് കൂറ് പുലര്‍ത്തുന്ന അര്‍ണാബും രാജീവും ഒത്തു ചേരുമ്പോള്‍ രാജ്യത്തെ മാധ്യമരംഗത്ത് ബിജെപിയുടെ സ്വാധീനം എളുപ്പത്തില്‍ ശക്തമാക്കാമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കണക്കുകൂട്ടല്‍. അമിത് ഷായുടെ അനുഗ്രഹാശിസുകളോടെയാണ് ഈ മൂവര്‍സംഘം ഒത്തുചേരുന്നതെന്നും ശ്രുതിയുണ്ട്.

നിലവില്‍ കേരളത്തില്‍ റിലയന്‍സ് മുതല്‍ മുടക്കിയിരിക്കുന്ന ന്യൂസ് 18 ചാനലും അടുത്ത കാലത്ത് ആരംഭിച്ച മറ്റ് ചില വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കുമൊപ്പം അര്‍ണാബിന്റെയും രാജീവിന്റെയും മര്‍ഡോക്കിന്റെയും സംയുക്ത സംരഭം കൂടിയാകുമ്പോള്‍ തങ്ങള്‍ക്ക് അനുകൂല വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ച് ബിജെപി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വേരുറപ്പിക്കാമെന്നും ബിജെപി കണക്കൂ കൂട്ടുന്നുണ്ട്. ഏതേസമയം നിലവില്‍ കേരളത്തിലെ എന്‍ഡിഎ സഖ്യത്തിന്റെ വൈസ്‌ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ബിജെപി നേതൃത്വത്തില്‍ എത്താനുള്ള സാധ്യതയും വിദൂരമല്ല.

കേരളത്തിലെ മുഖ്യധാര വാര്‍ത്താ ചാനല്‍ ആയ ഏഷ്യാനെറ്റിനെബിജെപിക്ക് അനുകൂലമാക്കി കേന്ദ്രനേതൃത്വത്തില്‍ നിന്നും അതിനുള്ള അനുകൂല നടപടി സ്വീകരിക്കാനാണ് രാജീവ് ഏറെ നാളായി ശ്രമിക്കുന്നതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.