കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് രണ്ട് തവണയെങ്കിലും വെടിയേറ്റു, പലര്‍ക്കും വെടിയേറ്റത് പിന്നില്‍ നിന്ന്; വ്യാജ ഏറ്റുമുട്ടലിനുള്ള സാധ്യത ഉറപ്പിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

single-img
2 November 2016

 

simi-encounter-111

കഴിഞ്ഞ ദിവസം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞത് രണ്ട് തവണയെങ്കിലും വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരില്‍ പലര്‍ക്കും പിന്നില്‍ നിന്നും വെടിയേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഭോപ്പാലില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന സംശയം ശക്തിപ്പെടുകയാണ്.

ഭീകരവാദം, രാജ്യദ്രോഹം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായവരാണ് കൊല്ലപ്പെട്ട തടവുകാരെന്നാണ് പോലീസിന്റെ വിശദീകരണം. ഇവര്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ്(സിമി) അംഗങ്ങളാണെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ദീപാവലി ആഘോഷങ്ങളുടെ മറവില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ കഴുത്തറുത്താണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. അതേസമയം രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം നഗരപ്രാന്തത്തിലുള്ള ഒരു കൊടുംവന പ്രദേശത്തു നിന്നും ഇവരെ കണ്ടെത്തുകയായിരുന്നെന്നും പോലീസ് പറയുന്നു.

നിരായുധരായ ഇവരെ വളരെ അടുത്തു നിന്നും വെടിവയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. സ്വദേശ നിര്‍മ്മിതമായ നാല് കൈത്തോക്കുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നെന്നും അവര്‍ വെടിയുതിര്‍ത്തപ്പോള്‍ ആറുതവണ പോലീസ് ഇവരെ നേരിടുകയായിരുന്നുവെന്നുമാണ് ഭോപ്പാല്‍ ഐ ജി യോഗേഷ് ചൗധരി മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം ആറ് തവണ പോലീസ് സിമി പ്രവര്‍ത്തകരെ നേരിടുന്നത് പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇല്ല.

ഈ ദൃശ്യങ്ങളുടെ സ്രോതസോ ആധികാരികതയോ ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. അതേസമയം എട്ട് പേരും മരിച്ചത് വെടിയേറ്റാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ പലര്‍ക്കും രണ്ടിലേറെ തവണ വെടിയേറ്റെന്നും അരയ്ക്ക് മുകളിലേക്കാണ് വെടിയേറ്റതെന്നും നാലുപേരുടെ വലതുവശത്തുകൂടിയാണ് വെടിയുണ്ട തുളച്ചുകയറിയതെന്നും ഇവര്‍ വിലയിരുത്തുന്നു. എത്രമാത്രം അടുത്തുനിന്നാണ് ഇവര്‍ക്ക് വെടിയേറ്റതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും.

ജയിലില്‍ സുരക്ഷ വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ തന്നെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറുണ്ടാക്കിയാണ് തടവുകാര്‍ മുപ്പത് മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടന്നതെന്നത് വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് തടവുകാരുടെ അഭിഭാഷകന്‍ പര്‍വേസ് ആലം അറിയിച്ചു.