ആലപ്പുഴയില്‍ പക്ഷിപ്പനി; താറാവുകളെ ഇന്ന് മുതല്‍ കൊന്നു തുടങ്ങും,കൊന്ന ശേഷമേ താറാവുകളെ കത്തിക്കാവൂ എന്ന് നിർദ്ദേശം

single-img
26 October 2016

avian-caracasses-burning

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്ന് മുതല്‍ തുടങ്ങും. പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ദ്രുത കര്‍മ്മ സേന ഇന്നു മുതൽ ആറിടങ്ങളിലായി ഇറങ്ങും.20 പേര്‍ ചേര്‍ന്ന സംഘമാണ് ഇറങ്ങുക. രോഗം ബാധിച്ച താറാവുകളെ വേര്‍തിരിക്കുകയും അവരുടെ നശീകരണവുമാണ് പ്രധാന ലക്ഷ്യം. തകഴി, നീലംപേരൂര്‍, രാമങ്കരി, ആയാപറമ്പ് തുടങ്ങിയ മൃഗാശുപത്രികളിലെ ഡോക്ടര്‍മാരാണ് നശീകരണത്തിന് നേതൃത്വം നല്‍കുക.

2014 ൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ജീവനോടെ ചുട്ടുക്കൊല്ലാൻ ശ്രമിച്ചിരുന്നു.ഇത്തവണ താറാവുകളെ കൊന്ന ശേഷമേ കത്തിക്കാവൂ എന്ന് നിർദ്ദേശം വന്നിട്ടുണ്ട്.

https://www.youtube.com/watch?v=dzdll6VpXew
ഇതിനിടയില്‍ കര്‍ഷകര്‍ താറാവുകളെ മാറ്റാതിരിക്കാന്‍ കര്‍ശന നിരീക്ഷണത്തിന് പോലീസിനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാം എന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്.

അതേസമയം പക്ഷിപ്പനിയുടെ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എച്ച് 5 എന്‍ 8 വൈറസ് ബാധിച്ചുണ്ടാകുന്ന പക്ഷിപ്പനിയാണ് സ്ഥിരീകിരിച്ചിരിക്കുന്നത്. ഇതു മനുഷ്യരിലേക്ക് പടരില്ലെന്നു ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 36,000 താറാവുകളാണ് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഉള്ളത്. 6000 ഓളം താറാവുകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. രോഗമില്ലാത്ത താറാവിന്റെ മുട്ടയും ഇറച്ചിയും ഭക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്നു ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.