റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം ഇനിയും നീട്ടിയേക്കും

single-img
25 October 2016

jio

ന്യൂഡല്‍ഹി : റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫറായി നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ വോയിസ് & ഡാറ്റ സേവനം ഡിസംബര്‍ 31 നു അവസാനിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും 2017 മാര്‍ച്ച് വരെ ഈ സേവനം നീട്ടാനുള്ള തീരുമാനം ഉടന്‍ വരും. ഇതിനിടെ ജിയോ ഡിസംബര്‍ 3 ന് ഈ ഓഫര്‍ നിര്‍ത്തുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ 10 കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നതാകും പുതിയ തീരുമാനമെടുക്കാന്‍ ജിയോയെ പ്രേരിപ്പിക്കുന്ന ഘടകം.

സെപ്റ്റംബര്‍ 5ന് 4ജി സേവനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഒരു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ 1.6 കോടി ഉപഭോക്ത്താക്കളെ സൃഷ്ടിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിരുന്നു. മറ്റു സേവന ദാതാക്കളുടെ അതൃപ്തി കാരണം സംജാതമായ കാള്‍ ഡ്രോപ്പ് എന്ന കുരുക്കില്‍ നിന്നും ഉടനെയൊന്നും തങ്ങള്‍ക്ക് കര കയറാന്‍ സാധിക്കില്ല എന്ന തിരിച്ചറിവും ജിയോയെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാകും.മതിയായ പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്റെ (POI) പോരായ്മയാണ് ജിയോയുടെ കാള്‍ഡ്രോപ്പ് പ്രതിഭാസത്തിനു പിന്നിലെന്ന് ട്രായ് കണ്ടെത്തിയിരുന്നു.

രണ്ട് മണിക്കൂറിനുള്ളില്‍ ആക്ടിവേഷന്‍ നല്കിത്തുടങ്ങിയ ജിയോ സിമ്മില്‍ സൗജന്യ വോയിസ് കാള്‍ സൗകര്യം പ്രിവ്യൂ ഓഫറിന് ശേഷവും തുടരുമെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. വോള്‍ട്ട് (VoLTE )സൗകര്യം മുതലാക്കി സൗജന്യ കാള്‍ സേവനം നല്‍കാന്‍ ജിയോയ്ക്ക് കഴിയും എന്നാല്‍ ഇത്തരം സൗകര്യമില്ലാത്ത 4 ജി ഫോണുകളില്‍ ജിയോ കണക്ട് എന്ന ആപ് ഉപയോഗിച്ച് മാത്രമാണ് വോയിസ്‌കോള്‍ സാധ്യമാകുക. 90 ദിവസത്തില്‍ കൂടുതല്‍ ഒരു സേവന ദാതാക്കള്‍ക്കും സൗജന്യ സേവനം തുടരാന്‍ കഴിയില്ല എന്ന ട്രായിയുടെ നിലവിലെ നിയമം കാരണമാണ് ഡിസംബര്‍ 3 നു ജിയോ സൗജന്യ സേവനം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നത്. എന്നാല്‍ ഡിസംബര്‍ 31 വരെ സൗജന്യ സേവനം തുടരുമെന്ന് ജിയോ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 31 വരെ ഏകദേശം 7.5 കോടി ഉപഭോക്ത്താക്കളെ സൃഷ്ടിക്കാന്‍ ജിയോയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. ഈ സംഖ്യ 10 കോടിയിലെത്തിക്കാനാകും റിലയന്‍സ് ജിയോ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ട്രായിയുടെ അനുവാദമില്ലാതെ തന്നെ ജിയോ നല്‍കിവരുന്ന സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 നു ശേഷവും ദീര്‍ഘിപ്പിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ജിയോ സ്റ്റാറ്റര്‍ജിക് & പ്ലാനിങ് തലവന്‍ പരാമര്‍ശിച്ചത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജിയോ സൗജന്യ സേവനങ്ങള്‍ 2016 ന്റെ പടികടന്നു പുതുവര്‍ഷത്തിന്റെ ആദ്യ പകുതി വരെ തുടരാനുള്ള സാധ്യതകളാണുള്ളത്.