പെട്രോളിനു ക്ഷാമം; ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു

single-img
25 October 2016

pet-pump

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ ക്ഷാമം രൂക്ഷമായി.

സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മിക്ക പമ്പുകളും ഇന്ധനം ലഭിക്കാത്തതിനാല്‍ അടഞ്ഞ് കിടക്കുകയാണ്. കണ്ണൂരിലെ മുഴുവന്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളും അടച്ചു. അനുനയ ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുക.

ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടര്‍ നടപടികള്‍ പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സമരം നീണ്ടാല്‍ അത് സര്‍ക്കാരിന് വലിയ തലവേദനയാകും.

ശനിയാഴ്ച മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വീണ്ടും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. കമ്പനി കൊണ്ടുവന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇക്കാര്യത്തില്‍ എന്ത് സമവായത്തിനാണ് കമ്പനി അധികൃതര്‍ തയ്യാറാവുകയെന്നതിനെ ആശ്രയിച്ചായിരിക്കും പ്രശ്‌നപരിഹാരം.