ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാട്ടി മന്ത്രി എ.കെ. ബാലനെതിരെ അവകാശ ലംഘന നോട്ടീസ്;പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

single-img
24 October 2016

AK Balan

തിരുവനന്തപുരം: ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാട്ടി മന്ത്രി എ.കെ. ബാലനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കള്‍ മരിച്ചതിനെ കുറിച്ചുള്ള നിയമസഭയിലെ വിവാദ പ്രസ്താവനയില്‍ വിമര്‍ശനങ്ങള്‍ക്ക് മന്ത്രി സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രി നല്‍കിയ പരിഹാസം കലര്‍ന്ന മറുപടിയാണ് വിമര്‍ശനം വരുത്തിവെച്ചത്. ഇതിനെതിരെയാണ് ചട്ടം 186 അനുസരിച്ച് നോട്ടീസ് നല്‍കിയത്. എ.കെ. ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്‍ രംഗത്തെത്തി. തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ചതാണ്. ‘വിമര്‍ശിക്കാം, അപമാനിക്കരുത്’ തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

ആദ്യം ആരും അത്ര പ്രാധാന്യം നല്‍കാതെപോയ ഒരു പരാമര്‍ശം, ചില ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളുടെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തത് തനിക്കെതിരായ ബോധപൂര്‍വനീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറിച്ചു.