പാരിസ് ഭീകരാക്രമണം നടത്തിയവരെ അറിയാമായിരുന്നെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബഹാനി

single-img
23 October 2016

subahani

ഇസ്ലാമിക് സ്റ്റേറ്റിന്റെ വിദേശ ക്യാംപുകളില്‍ ആയുധ പരിശീലനം പൂര്‍ത്തിയാക്കി കേരളത്തില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്ദീന് പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ നേരിട്ട് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രങ്ങളെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ നവംബറില്‍ നടന്ന പാരിസ് ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുബഹാനി ചെന്നൈ വിമാനത്താവളത്തില്‍ നിന്നും തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കടന്നത്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയവര്‍ക്കൊപ്പം സുബഹാനി അവിടെ നിന്നാണ് ഇറാഖില്‍ എത്തിയത്. പാരിസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ സലാഹ് അബ്ദ് സലാം, അബ്ദുല്‍ ഹമീദ് അബാ ഔദ് എന്നിവരെ ഈ കാലഘട്ടത്തില്‍ പരിചയപ്പെട്ടതായും സുബഹാനി വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരില്‍ അബാ ഔദ് ആക്രമണത്തിന്റെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് ഫ്രഞ്ച് പോലീസിന്റെ കസ്റ്റഡിയിലാണ്. നവംബറില്‍ ഇന്ത്യയിലെത്തിയ സുബഹാനി മാധ്യമങ്ങളിലൂടെയാണ് പാരിസ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. സുബഹാനിയെ ഈമാസം ആറിനാണ് അറസ്റ്റ് ചെയ്തത്.

മൊസ്യൂളിലെ പരിശീലന കാലത്ത് രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ ഷെല്‍ ആക്രമണത്തില്‍ കരിഞ്ഞു വീഴുന്നത് കണ്ട് ഭയന്ന് അവിടെ നിന്നും ഓടിപ്പോരികയായിരുന്നുവെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇന്ത്യയിലെത്തിയ ശേഷം തിരുനെല്‍വേലിയിാലണ് താമസിച്ചു വന്നിരുന്നത്. വിദേശത്ത് ആയുധ പരിശീലനം നേടിയെത്തിയ ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൂടുതല്‍ ദിവസം ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി ആറ് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.