വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തല്‍ പരാതി; അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്താമെന്ന് ഡിജിപി

single-img
23 October 2016

 

bahra-and-jacob

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം പൂര്‍ണമായി തള്ളിക്കളയാതെ ഡിജിപി ലോക്‌നാഥ് ബഹ്ര. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്താമെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്.

സുപ്രിംകോടതിയുടെ കര്‍ശന ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തല്‍ നടത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടത്തില്‍ ഐജിമാര്‍ക്ക് 190-ാം വകുപ്പ് പ്രകാരമാണ് ഫോണ്‍ ചോര്‍ത്തല്‍ നടത്താവുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തി മൂന്ന് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയിരിക്കണം. അതേസമയം ഈ റൂള്‍ ദുരപയോഗം ചെയ്യുന്നവര്‍ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജേക്കബ് തോമസിന്റെ പരാതി ഇന്നുതന്നെ പരിശോധിക്കുമെന്നും ബഹ്ര കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണത്തിനായി ഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയില്‍ ഡിജിപി ലോക്‌നാഥ് ബഹ്രയും അംഗമായിരുന്നു.